
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകൾ എടുത്ത് അപകടത്തിലാകുന്നവരുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും പഠിക്കില്ലെന്ന മട്ടിൽ അതിസാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവരിൽ പലരും അപകടത്തിൽ പെടാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ പതിനേഴുകാരനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു എന്നതാണ് സഭവം.
തെലങ്കാനയിലെ കാസിപേട്ടിലാണ് പതിനേഴുകാരൻ അക്ഷയ് രാജ് കൂട്ടുകാർക്കൊപ്പം റീൽസ് എടുക്കാനായി ചീറിപ്പാഞ്ഞ ട്രെയിനും റെയിൽവേ ട്രാക്കും തെരഞ്ഞെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ട്രെയിൻ അതിവേഗത്തിൽ വരുമ്പോൾ അതിന് മുന്നിലൂടെ നടക്കുന്നത് വീഡിയോ ആക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തിരിഞ്ഞു നടന്നതിനാൽ ട്രെയിനിന്‍റെ വരവ് കാണാനായില്ല. ട്രാക്കിലേക്ക് അറിയാതെ കേറിയ അക്ഷയ് രാജിനെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ഈ വീഡിയോ പിന്നീട് പുറത്തുവിടുകയും ചെയ്തു.
ആരേയും നടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. അപകടത്തിൽ കാര്യമായി പരിക്കേറ്റ അക്ഷയ് രാജിനെ റെയിൽവേ പൊലീസ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ് രാജ് അപകടനില തരണം ചെയ്തുവെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു. കാലിൽ ഒന്നിലധികം പൊട്ടലുകളും മുഖത്ത് കാര്യമായ പരിക്കേറ്റിട്ടുമുണ്ട്.
ട്രെയിൻ വരുമ്പോൾ ട്രാക്കിനടുത്ത് കൂടെ നടക്കുകയായിരുന്ന അക്ഷയ് എന്നാണ് സംഭവം നടക്കുമ്പോൾ പാളത്തിൽ ജോലി ചെയ്തിരുന്ന റെയിൽവെ ജീവനക്കാർ പറഞ്ഞത്. ട്രെയിൻ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും അക്ഷയ് അത് കാര്യമാക്കിയില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam