
ദില്ലി: ദില്ലിയിലെ സിജെപി സമരത്തിനെ പൊലീസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി. പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന കാഴ്ചകൾ വേദനജനകവും ആശങ്ക ഉയർത്തുന്നതെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ വിമർശിച്ചു. ഇതിനിടെ, സിജെപി പ്രതിഷേധത്തിലെ അതിക്രമത്തിൽ പ്രതിയായ സ്വതന്ത്ര ഭരത്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ യശോവർധൻ ആസാദിന്റെ 'Policing the Republic' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സിജെപി സമരത്തെ നേരിട്ട ദില്ലി പൊലീസിനെതിരെ സുപ്രീം കോടതി ജഡ്ജി രൂക്ഷ വിമർശനം ഉന്നയിച്ചത്. പ്രതിഷേധത്തിനിടെ യുവാക്കളെയും സമരക്കാരെയും പൊലീസ് നേരിട്ട രീതി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് ഉജ്ജ്വൽ ഭുയൻ തുറന്നടിച്ചു. യുവ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ട് പ്രതിഷേധക്കാരെ ആക്രമിക്കുന്ന കാഴ്ചകൾ ഏറെ വേദനാജനകമാണെന്നും ഈ രീതിയിൽ അത്ഭുതം തോന്നിയെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ പറഞ്ഞു. സാധാരണ ഇത്തരം വിഷയങ്ങളിൽ പൊലീസ് ജാഗ്രതയോടെയാണ് പെരുമാറേണ്ടതെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ കൂട്ടിച്ചേര്‍ത്തു. സർക്കാരിനെ എതിർത്തതുകൊണ്ട് മാത്രം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ ശിക്ഷ നടപടി പാടില്ലെന്ന് നേരത്തെ ഉജ്ജ്വൽ ഭുയാൻ പറഞ്ഞിരുന്നു.
അതേസമയം ഇന്നലെ യുപിയിലെ ബുലന്ദ്ശെഹറിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത സ്വതന്ത്ര ഭരത്വാജിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇയാളെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അതിനിടെ, സ്വതന്ത്ര ഭരദ്വാജിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു രക്ഷാ ദൾ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. തന്റെ പേരും ചിത്രങ്ങളും തെറ്റായി ഉപയോഗിച്ചെന്നും, തന്നോട് അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ സ്വതന്ത്ര ഭരദ്വാജ് പ്രചരണം നടത്തിയെന്നും കാണിച്ചാണ് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ പരാതി നൽകിയത്. ആക്രമണത്തെക്കുറിച്ച് വീമ്പിളക്കിയ പോഡ്കാസ്റ്റിൽ ഭരദ്വാജ് ചിരാഗ് പാസ്വാനെ ’മുതിർന്ന സഹോദരൻ’ എന്ന് പരാമർശിച്ചിരുന്നു. വിഷയത്തിൽ പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് മുഖം രക്ഷിക്കാൻ ചിരാഗ് പസ്വാൻ്റെ ഈ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam