മെഡിക്കൽ കമ്മീഷൻ വ്യവസ്ഥ ദുഖസത്യം; 'മോപ് അപ് റൗണ്ട്' വ്യവസ്ഥയിൽ മാറ്റം വരുത്തുമോ സുപ്രീം കോടതി

By Dhanesh RavindranFirst Published Feb 7, 2023, 3:44 PM IST
Highlights

ആദ്യ രണ്ട് റൌണ്ടിൽ പ്രവേശനം ലഭിക്കാത്ത   ഇവരെക്കാൾ റാങ്ക് കുറഞ്ഞ പല വിദ്യാർത്ഥികൾക്കും മോപ് അപ് റൗണ്ടിൽ സർക്കാർ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നുണ്ടെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹർജിക്കാർക്കായി അഭിഭാഷകൻ റോയി ഏബ്രഹാം വാദിച്ചു. 

ദില്ലി: മെഡിക്കൽ പ്രവേശനത്തിനായുള്ള ദേശീയ മെഡിക്കൽ കമ്മീഷൻ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. രണ്ട് കൌൺസിലിംഗിന് പങ്കെടുത്തവർക്ക് മോപ് അപ് റൗണ്ടിൽ പങ്കെടുക്കാനാകില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്താണ് റിട്ട് ഹർജി കോടതിയിൽ എത്തിയത്. കേന്ദ്രസർക്കാരിനെയും ദേശീയ മെഡിക്കൽ കമ്മീഷനെയും മെഡിക്കൽ കൌൺസിലിംഗ് കമ്മറ്റിയെയും കേരള സർക്കാരിനെയും അടക്കം കക്ഷികൾ ആക്കി കേരളത്തിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 

നിലവിലെ വ്യവസ്ഥ അനുസരിച്ച് രണ്ട് റൌണ്ട് കൌൺസിലിംഗിന് പങ്കെടുത്ത് അഡ്മീഷൻ നേടിയ വിദ്യാർത്ഥികൾക്ക് അവർക്ക് ഏത് കോളേജിലാണോ അഡ്മീഷൻ ലഭിച്ചത് അവിടെ തന്നെ തുടരണമെന്നാണ് വ്യവ്സഥ. അവർക്ക് മോപ് അപ്  കൌൺസിലിംഗിന് പങ്കെടുക്കാനാകില്ല. ഈ വ്യവസ്ഥ കാരണം ഉയർന്ന റാങ്കിലുള്ള പല വിദ്യാർത്ഥികൾക്കും അവർക്ക് ആദ്യഘട്ടത്തിൽ ലഭിച്ച സ്വകാര്യ മെഡിക്കൽ കോളേജിൽ ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട സാഹചര്യമെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചു. ആദ്യ രണ്ട് റൌണ്ടിൽ പ്രവേശനം ലഭിക്കാത്ത   ഇവരെക്കാൾ റാങ്ക് കുറഞ്ഞ പല വിദ്യാർത്ഥികൾക്കും മോപ് അപ് റൗണ്ടിൽ സർക്കാർ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നുണ്ടെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹർജിക്കാർക്കായി അഭിഭാഷകൻ റോയി ഏബ്രഹാം വാദിച്ചു. 

Latest Videos

കൂടാതെ സർക്കാർ കോളേജുകളിൽ അഡ്നമിഷൻ ലഭിച്ചവർക്ക് മാത്രം ഈ വ്യവസ്ഥ ബാധകമാക്കണമെന്നും സ്വകാര്യ കോളേജിൽ പ്രവേശനം ലഭിച്ചവർക്ക് ഹയർ ഓപ്ഷൽ നൽകി മോപ് അപ് റൗണ്ടില്‍ പങ്കെടുക്കാൻ അവസരം നൽകണമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് ജഡ്ജിമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയ്ക്കാൻ നിർദ്ദേശം നൽകിയത്. മെഡിക്കൽ കമ്മീഷന്റെ ഈ വ്യവസ്ഥ  ദുഖസത്യമെന്നും സുപ്രീംകോടതി നീരീക്ഷിച്ചു. ഹർജികൾ കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

Read More : 'അദാനി മോദിയുടെ വിധേയൻ'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ; ഭരണപക്ഷത്തെ വെട്ടിലാക്കി പ്രസംഗം

click me!