Asianet News MalayalamAsianet News Malayalam

'അദാനി മോദിയുടെ വിധേയൻ'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ; ഭരണപക്ഷത്തെ വെട്ടിലാക്കി പ്രസംഗം

'അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി'

Rahul Gandhi accuses Modi for helping Adani be rich No 2
Author
First Published Feb 7, 2023, 3:07 PM IST

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു.

അദാനി വിവാദം ഇന്നും കത്തി; പാർലമെന്റിൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം, മമതക്കെതിരെ കോൺഗ്രസ്

ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ പങ്കുവച്ചു. കർഷകർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു. അഗ്നി വീറുകൾക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ  ആശങ്ക പങ്കുവച്ചു. സർക്കാരിന്റെ തെറ്റായ നയങ്ങളിൽ ജനം വീർപ്പു മുട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഈ സമയത്ത് ഭരണപക്ഷം ബഹളം വെച്ചു. നന്ദിപ്രമേയ ചർച്ചയാണെന്ന് ഭരണപക്ഷ എംപിമാർ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.

എന്നാൽ പിന്നീടങ്ങോട്ട് രാഹുൽ ഗാന്ധി അദാനി വിഷയത്തിൽ സംസാരിച്ചു തുടങ്ങി. തന്റെ യാത്രയിൽ രാജ്യം മുഴുവൻ കേട്ടത് അദാനിയെന്ന നാമമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആ പേര് കേട്ടു. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണ്. അദാനിയും മോദിയുമായുള്ള ചിത്രം ഉയർത്തി രാഹുൽ പ്രസംഗം തുടർന്നു. ഭരണപക്ഷം ബഹളം വീണ്ടും ബഹളം വെച്ചു. എന്നാൽ രാഹുൽ തുടർന്നു.

പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വർഷങ്ങളായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. നന്ദിപ്രമേയ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുന്നതെന്തിനെന്ന് ഈ ഘട്ടത്തിൽ സ്പീക്കർ ചോദിച്ചു.

അദാനി ഓഹരികളിൽ മുന്നേറ്റം; ടാറ്റ സ്റ്റീൽ നഷ്ടം നേരിടുന്നു

വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏൽപിക്കരുതെന്ന നിയമം മറികടന്നു കൊണ്ടാണ് അദാനിക്ക് വിമാനത്താവളങ്ങൾ കൈമാറിയതെന്ന് രാഹുൽ പറഞ്ഞു. വീണ്ടും ഭരണപക്ഷം ബഹളം വെച്ചു. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. നന്ദിപ്രമേയ ചർച്ചയാണെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നിട്ടും രാഹുൽ നിർത്തിയില്ല.

സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്ന് അദ്ദേഹം പ്രസംഗം തുടർന്നു. പ്രതിരോധ, ആയുധ നിർമ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നൽകി. 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണപക്ഷം ബഹളം അപ്പോഴും തുടർന്നു. പാർലമെന്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. രേഖകളില്ലാതെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അദാനി വിഷയം കേന്ദ്രസർക്കാർ ചർച്ച ചെയ്യാത്തത് ഭയം കൊണ്ട്; ജനങ്ങൾക്ക് സത്യം അറിയണമെന്നും രാഹുൽ ​ഗാന്ധി

മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ആനുകൂല്യം കിട്ടുന്നത് അദാനിക്കെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രയോജനം കിട്ടുന്നതും അദാനിക്ക്. പൊതു മേഖലാ ബാങ്കുകളും, എൽഐസിയും അദാനിക്ക് തീറെഴുതി. ഇവിടങ്ങളിലെ സാധാരണക്കാരുടെ പണം അദാനി ഗ്രൂപ്പിൻ്റെ കൈയിലെത്തിയിട്ടുണ്ട്. എത്ര തവണ അദാനിയുമായി വിദേശയാത്ര നടത്തി, എത്ര കരാറുകൾ അതിന് ശേഷം ഒപ്പിട്ടു, തുടങ്ങിയ ഗൗരവമേറിയ ചോദ്യങ്ങളും പ്രധാനമന്ത്രിയോട് രാഹുൽ ചോദിച്ചു.

Follow Us:
Download App:
  • android
  • ios