ബിൽക്കിസ് ബാനു കേസിൽ നടന്നത് വലിയ കുറ്റകൃത്യമെന്ന് സുപ്രീംകോടതി, ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ്

By Web TeamFirst Published Mar 27, 2023, 10:29 PM IST
Highlights

കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ദില്ലി : ബിൽക്കിസ് ബാനു കേസിൽ നടന്നത് വലിയ കുറ്റകൃത്യമെന്ന് സുപ്രീം കോടതി നിരീക്ഷണം. കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ബിൽക്കിസ് ഭാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. 

പതിനൊന്ന് പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ്ബാനു നൽകിയ ഹര്‍ജിയും മറ്റു പൊതുതാൽപര്യഹർജികളും പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കേസിൽ നടന്നത് ഭയനാനകമായ കുറ്റകൃത്യമാണ്. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ സുപ്രീ കോടതിയുടെ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് മോചനമെന്ന് ഹർജിക്കാർ മറുപടി നൽകി. കൊലപാതക കേസുകളിലെ പ്രതികൾ ജയിൽ മോചനമില്ലാതെ കഴിയുകയാണ്. മോചനം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. എന്നാൽ ഈ കേസിൽ മോചനം നൽകിയത് സമാനമായി മറ്റു കേസുകളിൽ സ്വീകരിച്ച നടപടികൾ പ്രകാരമാണോ എന്നും ഗുജറാത്ത് സർക്കാരിനോട് കോടതി ചോദിച്ചു. 

പ്രതികളെ ജയിൽമോചിതരാക്കിയത് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയെന്ന് സർക്കാർ അഭിഭാഷകർ അറിയിച്ചു. തുടർന്ന് ഹർജിയിൽ ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ പ്രതികൾക്കും നോട്ടീസ് നൽകി. അടുത്ത വാദത്തിന് മുൻപ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും കോടതി നിർദേശം നൽകി. കേസിൽ ബൃന്ദാ കാരാട്ട് അടക്കം നൽകിയ പൊതുതാൽപര്യഹർജിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ പതിനെട്ടിന് കേസിൽ വിശദവാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

click me!