സുപ്രിം കോടതി; അഞ്ച് വർഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ ലിസ്റ്റ് ചെയ്യാൻ നിർദേശം

By Dhanesh RavindranFirst Published Nov 25, 2022, 11:49 AM IST
Highlights

കേരളത്തിൽ നിന്നുള്ള ലഹരിക്കേസിലെ ശിക്ഷക്കെതിരായ ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 


ദില്ലി:  അഞ്ച് വർഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുമായി ബന്ധപ്പെട്ട അപ്പീൽ അടക്കമുള്ള ഹർജികൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയ്ക്ക് നിർദേശം നൽകുമെന്ന് സുപ്രിം കോടതി. ഇത്തരം ഹർജികൾ വേഗത്തിൽ പരിഗണിക്കുമെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകൻ രഞ്ജിത്ത് മാരാർ ഇത്തരം കേസുകളിലെ കാലാ താമസം കോടതിയെ അറിയിച്ചതോടെയാണ് സുപ്രീം കോടതി ഇടപെടൽ. കേരളത്തിൽ നിന്നുള്ള ലഹരിക്കേസിലെ ശിക്ഷക്കെതിരായ ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 

കെട്ടിക്കിടക്കുന്ന കേസുകളിൽ അതിവേഗം പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  ഡിവൈ ചന്ദ്രചൂഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് തീർപ്പാക്കാനായി പത്ത് വീതം വിവാഹാനന്തര കേസുകളുടെ ട്രാൻസ്ഫർ ഹർജികളും ജാമ്യ ഹർജികളും എല്ലാ സുപ്രീംകോടതി ബെഞ്ചുകളും പരിഗണിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ യോഗത്തിൽ  തീരുമാനമെടുത്തതായും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അഞ്ച് വർഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുമായി ബന്ധപ്പെട്ട അപ്പീൽ അടക്കമുള്ള ഹർജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയ്ക്ക് നിർദേശം നൽകുന്നത്. 

സുപ്രിം കോടതിയിലെ 13 ബെഞ്ചുകളും വിവാഹ തർക്കങ്ങളുമായി ബന്ധപ്പെട്ട 10 ട്രാൻസ്ഫർ ഹർജികളിലും പത്ത് ജാമ്യ ഹർജികളിലും എല്ലാ ദിവസവും വാദം കേൾക്കാൻ സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. തുടർന്ന് ശീതകാല അവധിക്ക് മുമ്പ് ഇത്തരത്തിലുള്ള എല്ലാ കേസുകളും ജാമ്യാപേക്ഷകളും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇതിന്‍റെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് ഇപ്പോള്‍ ഇത്തരം കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കൂടുതല്‍ വായിക്കാന്‍:   സുപ്രീംകോടതി ബെഞ്ചുകൾ ദിവസവും പത്ത് വീതം ട്രാൻസ്ഫർ ഹർജികളും ജാമ്യാപേക്ഷയും പരിഗണിക്കണം: ചീഫ് ജസ്റ്റിസ്

 

click me!