Supreme Court : സുപ്രീംകോടതി നടപടികൾ ഓഗസ്റ്റ് മുതൽ തത്സമയം കാണാം, നടപടികൾ തുടങ്ങി

Published : May 31, 2022, 06:31 PM IST
Supreme Court : സുപ്രീംകോടതി നടപടികൾ ഓഗസ്റ്റ് മുതൽ തത്സമയം കാണാം, നടപടികൾ തുടങ്ങി

Synopsis

ചീഫ് ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുന്നതിന് മുന്നോടിയായി നടപ്പാക്കും; ലൈവ് സ്ട്രീമിംഗ് കാണിക്കുക സ്വതന്ത്ര പ്ലാറ്റ്‍ഫോം വഴി

ദില്ലി: സുപ്രീംകോടതി നടപടികൾ ലൈവ് സ്ട്രീം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പ്രത്യേക പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ് മുതൽ ലൈവ് സ്ട്രീം ആരംഭിക്കാനാണ് നീക്കം. ചീഫ് ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുന്നതിന് മുന്നോടിയായി നടപ്പാക്കാനാണ് നീക്കം. ഓഗസ്റ്റ് 26ന് ആണ് ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുന്നത്. അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ള കേസുകളുടെ വിചാരണ ഇതോടെ പൊതുജനത്തിന് തത്സമയം കാണാനാകും. 

ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര  പ്ലാറ്റ്ഫോം ആണ് തയ്യാറാക്കുന്നത്. ഈ പ്ലാറ്റ്‍ഫോം ഭാവിയിൽ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും കൂടി ഉപയോഗിക്കാനാകും. അതേസമയം കോടതി നടപടികൾ തത്സമയം കാണിക്കാൻ യൂട്യൂബിനെ ആശ്രയിക്കില്ല. സ്വന്തമായി ക്ലൗഡ് സൗകര്യങ്ങൾ വികസിപ്പിക്കാൻ ആണ് നീക്കം. ഇതിനാവശ്യമായ പണം കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ ചില ഹൈക്കോടതികൾ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇവയുടെ പ്രവർത്തനരീതി കൂടി വിലയിരുത്തിയ ശേഷമാകും സുപ്രീംകോടതി അന്തിമ നടപടികളിലേക്ക് കടക്കുക.

സുപ്രീംകോടതി നടപടികൾ തത്സമയം കാണിക്കാമെന്ന നിർദേശത്തെ നേരത്തെ കേന്ദ്ര സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്, നിയമ വിദ്യാർത്ഥി സ്വപ്‍നിൽ ത്രിപാഠി എന്നിവരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയിൽ എത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയായിരുന്നു ഹർജി പരിഗണിച്ചത്. കേസിൽ എന്തു സംഭവിക്കുന്നുവെന്ന് ഹർജിക്കാർക്ക് നേരിട്ടറിയാൻ ഈ സംവിധാനം സഹായകരമാകുമെന്നും ഭരണഘടനാപരമായ അവകാശം കൂടിയാണ് ഇതെന്നുമുള്ള വാദത്തെ കേന്ദ്ര സർക്കാരിനായി ഹാ‍ജരായ സോളിസിറ്റർ ജനറൽ പിന്തുണച്ചു. 2018 സെപ്തംബറിൽ സുപ്രീംകോടതി ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകൾ തത്സമയം കാണിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അന്ന് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവാണ് ഇപ്പോഴത്തെ ലൈവ് സ്ട്രീമിംഗിലേക്ക് വഴിതെളിച്ചത്. ഈ ഉത്തരവിന്റെ ചുവടുപിടിച്ച് ഗുജറാത്ത്, കാർണാടക, പറ്റ്ന,ഒഡീഷ, ഝാർഖണ്ഡ്, ഹൈക്കോടതികൾ ലൈവ് സ്ടീമിംഗ് തുടങ്ങിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'