
ദില്ലി: എസ്‌എൻഡിപി യോഗത്തിന് എതിരായ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വി കെ ചിത്തരഞ്‌ജൻ ഉൾപ്പടെയുള്ള കക്ഷികൾ നൽകിയ കമ്പനി പെറ്റീഷൻ നിലനിൽക്കുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ ഹർജികൾ നിലനിൽക്കില്ലെന്ന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ ഡിവിഷൻബെഞ്ച് ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കമ്പനി നിയമട്രൈബ്യൂണലിനെ സമീപിക്കുന്നത് ഉൾപ്പടെയുള്ള പരിഹാരമാർഗങ്ങൾ ഹർജിക്കാർക്ക് മുന്നിലുണ്ടായിരുന്നെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എസ്.എൻ.ഡി.പി യോഗത്തിനും വെളളാപ്പളളി നടേശനും വേണ്ടി കെ. പരമേശ്വർ, റോയ് എബ്രഹാം എന്നിവർ ഹാജരായി.
നേരത്തെ വി.കെ.ചിത്തരഞ്ജൻ ഉൾപ്പെടെ ഒരുകൂട്ടം ഹർജിക്കാർ കമ്പനി പെറ്റീഷനുമായി കേരള ഹൈക്കോടതിയെ സമീപിച്ചതാണ് കേസിന്റെ തുടക്കം. എസ്.എൻ.ഡി.പി യോഗത്തിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കണം, മൈക്രോഫിനാൻസിന്റെ ഉൾപ്പെടെ കണക്കുകൾ കോടതിയിൽ ഹാജരാക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്. ഇത് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. എന്നാൽ ഹർജിക്കാർ നൽകിയ അപ്പീൽ പരിഗണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല ഉത്തരവ് നൽകി. തുടർന്നാണ് എസ്.എൻ.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam