
ദില്ലി:പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ ബാബാ രാംദേവിന്‍റെ മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തിന് ഉത്തരാഖണ്ഡിലെ സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും ഒരു കാരുണ്യവും പ്രതീക്ഷിക്കണ്ടെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി മാപ്പപേക്ഷ തള്ളിയത്. അപേക്ഷ ആദ്യം മാധ്യമങ്ങൾക്ക് അയച്ച ബാബ രാംദേവിന്‍റെ നടപടിയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തെറ്റുകൾ കൈയ്യോടെ പിടിച്ചപ്പോൾ ഒരു പേപ്പറിൽ പേരിന് മാപ്പപേക്ഷ നല്കി തടിയൂരാൻ നോക്കുകയാണ്. കോടതി നിർദേശം ബോധപൂർവ്വം അനുസരിക്കാതെയാണ് ഈ നടപടി.
ലോകത്ത് ആദ്യമായി അയുർവേദ മരുന്നകൾ അവതരിപ്പിക്കുന്നത് പതഞ്ജലി ആണോ എന്നും കോടതി പരിഹസിച്ചു. പത്ഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. ഇത് വിട്ടുകളയില്ലെന്ന് കോടതി സർക്കാരിനോട് പറഞ്ഞു. കമ്പനിക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. നേരിട്ട് ഹാജരായ ലൈസൻസിങ് ഉദ്യോഗസ്ഥനെ കോടതി ശകാരിക്കുകയും ചെയ്തു. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. കേസ് വീണ്ടും 16ന് പരിഗണിക്കുമ്പോൾ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ വീണ്ടും നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം.
കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകൾക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയത്. അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്. കൊവിഡ് പ്രതിരോധം എന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ'കൊറോണിലിന്' പരസ്യം നൽകരുതെന്ന് നിർദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. കോടതി വിമർശനത്തിന് പിന്നാലെയാണ്കേന്ദ്രം സത്യവാങ്മൂലം നൽകിയത്.