ജസ്റ്റിസ് രമണക്കെതിരെയുള്ള പരാതി സുപ്രീംകോടതി തള്ളി; വിവാദങ്ങൾക്കിടയിൽ രമണ തന്നെ ചീഫ് ജസ്റ്റിസാകും

By Web TeamFirst Published Mar 24, 2021, 4:29 PM IST
Highlights

ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടിയെ സഹായിക്കാൻ പല കേസുകളിലും ജസ്റ്റിസ് രമണ ഇടപെട്ടുവെന്നായിരുന്നു പരാതി.

ദില്ലി: ജസ്റ്റിസ് എൻ വി രമണക്കെതിരെ ആന്ധ്രമുഖ്യമന്ത്രി ജഗൻമോഹൻ റെഢി ഉയര്‍ത്തിയ അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങൾ സുപ്രീംകോടതി തള്ളി. അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങി നിരവധി ആരോപണങ്ങൾ ഉയര്‍ത്തി ജസ്റ്റിസ് എൻ വി രമണക്കെതിരെ ജഗൻമോഹൻ റെഢി കഴിഞ്ഞ ഒക്ടോബറിലാണ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്. 

ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങൾ തടയുന്നു, പ്രതിപക്ഷത്തുള്ള തെലുങ്കുദേശം പാര്‍ട്ടിയെ സഹായിക്കുന്നു, ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾക്ക് അമരാവതിയിലെ അനധികൃത ഭൂമി ഇടപാടിൽ പങ്കുണ്ട്,  ഇക്കാര്യത്തിൽ അന്വേഷണം വേണം എന്നതായിരുന്നു ജഗൻമോഹൻ റെഢിയുടെ ആവശ്യം. വിവദങ്ങൾക്കിടയിൽ ജസ്റ്റിസ് രമണയെ അടുത്ത ചീഫ് ജസ്റ്റിസാക്കാൻ ശുപാര്‍ശ നൽകിയത് ചര്‍ച്ചയായതിന് പിന്നാലെയാണ് ജഗൻമോഹൻ റെഢിയുടെ പരാതിയിന്മേലുള്ള നടപടികൾ സുപ്രീംകോടതി വിശദീകരിച്ചത്. 

അന്വേഷണത്തിനൊടുവിൽ പരാതി തള്ളിയെന്നും അന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കാനുമാണ് തീരുമാനമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അടുത്തമാസം 23നാണ് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കുന്നത്. ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാൽ ഇന്ത്യയുടെ 48-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രമണ ഏപ്രിൽ 24ന് സത്യപ്രതിജ്ഞ ചെയ്യും. 
 

click me!