
ദില്ലി: ശബരിമലയിൽ നടന്നത് വലിയ ക്രമക്കേട് എന്ന് സുപ്രീംകോടതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിൻ്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. സ്വർണക്കൊള്ളയിൽ ശങ്കരദാസിന് ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട കോടതി മുൻകൂർ ജാമ്യ അപേക്ഷ നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
ശബരിമല സ്വർണകൊള്ളയിലെ മറ്റൊരു കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി ശങ്കരദാസിനെതിരെ ചില പരാമർശങ്ങൾ നടത്തിയത്. 2019-ലെ ബോർഡ് മെമ്പർമാരായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചു. ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ല എന്ന ചോദ്യവും കോടതി ഉയർത്തി. എന്നാൽ തന്റെ ഭാഗം കേൾക്കാതെ ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ശങ്കര ദാസ് സുപ്രീംകോടതി ഹർജി സമർപ്പിച്ചത്.
ഹർജി ഇന്ന് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിലവിലെ ഹർജിയിലെ ആവശ്യങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കി. മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചാൽ അക്കാര്യം കേൾക്കാമെന്നും അറിയിച്ചു. മാത്രമല്ല ദേവസ്വം ബോർഡ് അംഗമെന്ന നിലയിൽ കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ശങ്കരദാസിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്നും കോടതി പരാമർശം നടത്തി. വലിയ ക്രമക്കേടാണ് ശബരിമലയിൽ നടന്നതെന്ന് നിരീക്ഷണവും സുപ്രീംകോടതി നടത്തി.
തുടർന്ന് ഹർജിയിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ അടക്കം വിഷയങ്ങൾ ശങ്കരദാസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതോടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്തുള്ള അനുകമ്പയുണ്ടെന്ന് കോടതി പറഞ്ഞു. അതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി പരാമർശങ്ങൾ നീക്കാനാണ് ശങ്കരദാസ് സുപ്രീംകോടതിയിൽ എത്തിയെങ്കിലും കേസ് പരിഗണിച്ച കോടതി ശങ്കരദാസിനെ എതിരായ നിരീക്ഷണങ്ങൾ ആണിപ്പോൾ നടത്തിയിരിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam