
ദില്ലി: ദില്ലിയിലെ മലിനീകരണത്തില്‍ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ആളുകളെ ഇങ്ങനെ ജീവിക്കാൻ വിടുന്നതിലും നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ദില്ലി നരകത്തിന് തുല്ല്യമായി മാറിയെന്നും കോടതി വിമർശിച്ചു. മലിനീകരണത്തിന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതെന്തെന്ന് ചോദിച്ച് കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. ദില്ലിയിലെ അന്തരീക്ഷ മലീനീകരണത്തെ കുറിച്ചുള്ള ഹർജി പരിഗണിക്കെവെയാണ് ജസ്റ്റിസ് അരുൺ മിശ്ര, ദീപക്ക് ഗുപ്ത എന്നിവർ അടങ്ങുന്ന ബെഞ്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഗ്യാസ് ചേംബറിന് സമാനമായ അവസ്ഥയില്‍ ആളുകള്‍ ജീവിക്കുന്നതിലും നല്ലത് അവരെ ഒറ്റയടിക്ക് സ്ഫോടനത്തിൽ കൊല്ലുന്നതാണ്.
പരസ്പരം പഴിചാരാനും രാഷ്ട്രീയം കളിക്കാനുമായി മലനീകരണം വിഷയമാക്കുന്നു. കൂട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ദില്ലി സർക്കാരിനും കേന്ദ്രസർക്കാരിനു ഒഴിഞ്ഞ്മാറാനാകില്ല. സര്‍ക്കാരുകള്‍ കാര്യങ്ങളെ കൂടുതൽ ഗൗരവമായി കാണണമെന്നും കോടതി പറഞ്ഞു. ഭിന്നതകൾ മാറ്റിവച്ച് നഗരത്തിൽ വായു ശുദ്ധീകരണ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി 10 ദിവസത്തിനകം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്ന കാര്യത്തിൽ ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കാത്തതെന്തെന്നും കോടതി ചോദിച്ചു. ദില്ലി നഗരത്തിലെ കുടിവെള്ളത്തിന്‍റെ ശുദ്ധിയെ സംബന്ധിച്ച് വിവരങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam