
ദില്ലി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നതും അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പൗരന്മാർക്ക് അപകടമില്ലാതെ, തടസ്സരഹിതമായി നടക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണം. കാൽനടയാത്രക്കാരുടെ സുരക്ഷ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ നടപ്പാതകൾ കേവലം കോൺക്രീറ്റ് കട്ടകൾ മാത്രമാകരുത്, അവ ഭിന്നശേഷിക്കാർക്ക് കൂടി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കണമെന്നും കോടതി കർശന നിർദേശം നൽകി. എല്ലാ പുതിയ റോഡ് വികസന പദ്ധതികളിലും നടപ്പാതകൾ അനിവാര്യമായ ഘടകമാക്കണമെന്നും നിലവിലുള്ള നടപ്പാതകളിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കോടതി വിവിധ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam