
മുംബൈ: മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി. ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹർജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി സ്പീക്കറോട് നിര്‍ദേശിച്ചു.
ഉദ്ദവ് താക്കറെയോടൊപ്പമുള്ള എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം. ഹർജികളില്‍ കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ നടപടി ഉണ്ടാകരുതന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇക്കാര്യം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ രാഹുല്‍ നർവേക്കറിനെ അറിയാക്കാന്‍ ഗവർണറിനായി ഹാജരായ സോളിസിറ്റർ ജനറലിനെ കോടതി ചുമതലപ്പെടുത്തി. നിലവില്‍ ഉദ്ദവ് പക്ഷത്തുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യവുമായി ഷിന്‍ഡേയും വിമതരെ പുറത്താക്കണമെന്ന് ആവശ്യവുമായി താക്കറെ പക്ഷവും രംഗത്തുണ്ട്. സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികള്‍ ഇന്ന് പരിഗണിക്കാനായി നേരത്തെ മാറ്റിവെച്ചിരുന്നെങ്കിലും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.
ഈ സാഹചര്യത്തില്‍ ഉദ്ദവ് താക്കറെ പക്ഷത്തിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന് മുന്‍പാകെ ഹർജികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഹർജികള്‍ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിഷയം ഭരണഘടന ബെഞ്ചാണ് പരിഗണിക്കുകയെന്നും അതിന് സമയമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഷിൻഡെയെ സർക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച നടപടിക്കെതിരായ ഹർജികളും ഇപ്പോള്‍ കോടതി പരിഗണനയിലുണ്ട്. അതേസമയം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള അവകാശം സ്പീക്കര്‍ക്കാണെന്ന് മഹാരാഷ്ട്ര നിയമസഭ സെക്രട്ടറി സുപ്രീകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഗോവ കോണ്‍ഗ്രസിൽ വീണ്ടും പ്രതിസന്ധി? എംഎൽഎമാര്‍ ബിജെപിയിലേക്ക് ചാടുമെന്ന് അഭ്യൂഹം
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗോവയിലും വിമത നീക്കം നടക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് മൈക്കൾ ലോബോ. കോണ്‍ഗ്രസ് എംഎൽഎമാര്‍ കൂട്ടത്തോടെ ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ മൈക്കൾ ലോബോ നിഷേധിച്ചത്. നാളെ ഗോവ നിയമസഭാ ചേരാനിരിക്കിയൊണ് പ്രതിപക്ഷ നേതാവിൻ്റെ വിശദീകരണം.
ഗോവയിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ നിയമസഭാ സമ്മേളനത്തിന് തലേ ദിവസം ചേര്‍ന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന വാര്‍ത്തകൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിൽ ഭിന്നതയുണ്ടെന്ന് കാണിക്കാനായി ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെല്ലാം എന്ന് ഗോവ പിസിസി അധ്യക്ഷൻ അമിത് പട്കര്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ദിംഗബര്‍ കാമത്ത് അടക്കമുള്ളവര്‍ എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് വിവരം. മുൻ ഗോവ മുഖ്യമന്ത്രി കൂടിയായ കാമത്ത് മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതിൽ അതൃപ്തിയുണ്ട് എന്നത് അഭ്യൂഹങ്ങൾക്ക് ശക്തിയേക്കി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ ലോബോയും തന്റെ മുൻ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ ഞായറാഴ്ച റദ്ദാക്കി.
ഗോവയിലെ 40 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻ.ഡി.എ) 25ഉം പ്രതിപക്ഷമായ കോൺഗ്രസിന് 11ഉം നിയമസഭാംഗങ്ങളാണുള്ളത്. നേരത്തെ 2019-ലും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചാടിയിരുന്നു.