
ദില്ലി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമെന്ന് സുപ്രീംകോടതി. ചില അപ്രതീക്ഷ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാമെന്നാണ് കോടതി നിരീക്ഷണം. ബലാത്സംഗക്കേസിൽ പത്ത് വർഷം വിചാരണ കോടതി ശിക്ഷിച്ച വ്യക്തിയെ വെറുതെ വിട്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു കേസിലെ പരാതിക്കാരി.
പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് കേരളാ ഹൈക്കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂ എന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവിറക്കിയത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് ഈ പരാമർശങ്ങൾ.
വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല. പരാതിക്കാരി വിവാഹിതയാണെങ്കിൽ, നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. ഈ സാഹചര്യത്തിൽ വ്യാജ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് ആരോപിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം. കഴിഞ്ഞ ജൂണിൽ സമാനമായ മറ്റൊരു ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ചും ജാമ്യാപേക്ഷയിൽ പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam