മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരം: സുപ്രീം കോടതി

Published : Oct 15, 2022, 04:46 PM ISTUpdated : Oct 15, 2022, 05:13 PM IST
 മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരം: സുപ്രീം കോടതി

Synopsis

 ഭീകരവാദം അല്ലെങ്കിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം, നേരിട്ടുള്ള ഇടപെടൽ മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന തലച്ചോറുകളും അപകടകരമാണെന്നായിരുന്നു സുപ്രീംകോടതി പരാമർശം.


ദില്ലി: രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി. മാവോയിസ്റ്റ് കേസിൽ പ്രൊഫസര്‍ ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് വിധി പ്രഖ്യാപിക്കവെയാണ് സുപ്രീംകോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഭീകരവാദം അല്ലെങ്കിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം, നേരിട്ടുള്ള ഇടപെടൽ മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന തലച്ചോറുകളും അപകടകരമാണെന്നായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തിയത്. പൊതുവായുള്ള നീരീക്ഷണമാണിതെന്നും കോടതി പറഞ്ഞു. പോളിയോ ബാധിച്ച് 90 ശതമാനം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുകയാണ് പ്രൊഫസര്‍ ജി എന്‍ സായിബാബയെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ച് വീട്ടുതടങ്കലിലാക്കാമെന്നും സായിബാബയുടെ അഭിഭാഷകൻ വാദിച്ചു. 

എന്നാൽ, ഇതിനെ എതിർത്ത സോളിസിറ്റർ ജനറൽ തുഷാർ മേത്ത അർബൻ നക്സലുകൾ ഇത്തരം ആവശ്യങ്ങൾ സ്ഥിരിമായി ഉന്നയിക്കാറുണ്ടെന്ന് വാദിച്ചു. പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാം. കേസ് ഡിസംബർ ഏട്ടിന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ മഹാരാഷ്ട്ര സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സായിബാബ ഉൾപ്പെടെയുള്ള പ്രതികൾക്കായി മുതിർന്ന അഭിഭാഷകൻ ആർ ബസന്താണ് ഹജറായത്. 

ദില്ലി സർവകലാശാലയിലെ പ്രൊഫസറായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സർവകലാശാലയ്ക്ക് കീഴിലെ രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോൺഫറൻസിൽ ഇദ്ദേഹം പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തി എന്നുമായിരുന്നു സായിബാബയ്ക്കെതിരായ കേസ്. 2017 ൽ ഗച്ച്റോളിയിലെ പ്രത്യേക കോടതി സായിബാബയും മറ്റ് നാല് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍, പോളിയോ ബാധിതനായി ഇരുകാലുകളും തളർന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യമുന്നയിച്ചു. അർബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും സായ് ബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. 2020 ല്‍ ഭീമകൊറഗാവ് കേസില്‍ അറസ്റ്റിലായ ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമി, ആരോഗ്യപ്രശ്നങ്ങള്‍ കാരണം 2021 ജൂലൈയാണ് മരിച്ചത്. 

മാവോയിസ്റ്റ് കേസിൽ പ്രൊഫസര്‍ ജി.എന്‍.സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സേറ്റ് ചെയ്തു. കേസിന്‍റെ വിശദാംശങ്ങള്‍ പരിഗണിക്കാതെ ഹൈക്കോടതി കുറുക്ക് വഴി സ്വീകരിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. മഹാരാഷ്ട്ര സർക്കാരിന്‍റെ അപ്പീലിൽ കോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. അഞ്ച് പ്രതികളെയും വെറുതെ വിട്ട വിധിയിൽ വിശദപരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. സായിബാബയ്ക്കും സംഘത്തിനും എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണ്, രാജ്യത്തിന് എതിരായ പ്രവർത്തനമാണ് ഇവർ നടത്തിയതെന്ന് കോടതി കുറ്റപ്പത്രത്തിൽ ചൂണ്ടിക്കാട്ടി. 

തെളിവുകള്‍ പരിഗണിച്ച് വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെ വിടുമ്പോൾ എല്ലാ വിശദാംശങ്ങളും ഹൈക്കോടതി പരിഗണിക്കണമായിരുന്നുവെന്ന്  ജസ്റ്റിസ് എം.ആര്‍.ഷാ, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു. നടപടിക്രമം പാലിക്കാതെ യുഎപിഎ ചുമത്തിയതിനാൽ വിചാരണക്കോടതിയുടെ ശിക്ഷാവിധിക്ക് സാധുതയില്ലെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. എന്നാൽ, തെളിവുകൾ പ്രതികൾക്കെതിരെയുള്ളപ്പോൾ ഹൈക്കോടതിക്ക് നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കാനാകുമോ എന്നത് സുപ്രീംകോടതി പരിശോധിക്കും. രേഖകളിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണക്കോടതി ശിക്ഷിച്ചതിന് ശേഷം, അനുമതിയുടെ അടിസ്ഥാനത്തിൽ ഒരു അപ്പീൽ കോടതിക്ക് പ്രതികളെ വെറുതെ വിടാൻ കഴിയുമോ എന്നത് വിശദമായ പരിഗണന ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

 

കൂടുതല്‍ വായനയ്ക്ക്: പ്രൊഫ. സായിബാബ ജയിലിൽ തുടരും; വെറുതെ വിട്ട വിധിക്ക് സ്റ്റേ, വിശദ പരിശോധന വേണമെന്ന് സുപ്രീംകോടതി

 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം