സുപ്രീംകോടതി ജീവനക്കാർക്ക് കൊവിഡ്; കോടതി പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് അറിയിപ്പ്

By Web TeamFirst Published Apr 12, 2021, 4:12 PM IST
Highlights

എന്നാൽ ഈ പ്രതിസന്ധി കോടതിയുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ജഡ്ജുമാർ അവരവരുടെ വസതികളിലിരുന്ന് വീഡിയോ കോൺറൻസിലൂടെ വാദം കേൾക്കുമെന്നും ഓദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

ദില്ലി: കൊവിഡ് പ്രതിസന്ധി സുപ്രീം കോടതിയിലും. സുപ്രീം കോടതിയിലെ പകുതിയിലധികം ജീവനക്കാരും കൊവിഡ് ബാധിതരായ സാഹചര്യമാണുള്ളത്. എന്നാൽ ഈ പ്രതിസന്ധി കോടതിയുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ജഡ്ജുമാർ അവരവരുടെ വസതികളിലിരുന്ന് വീഡിയോ കോൺറൻസിലൂടെ വാദം കേൾക്കുമെന്നും ഓദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചതായി എൻഡിവി വാർത്തയിൽ പറയുന്നു. കൂടാതെ കോടതി മുറികളും പരിസരങ്ങളും ശുചീകരിക്കുകയും ചെയ്യും. 
 
ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും കോടതി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 90 ജീവനക്കാരിൽ കൊവിഡ് പരിശോധന നടത്തിയപ്പോൾ 40 പേരിൽ രോ​ഗബാധ കണ്ടെത്തി. ജൂഡീഷ്യൽ പ്രവർത്തനങ്ങളെ മഹാമാരി ബാധിക്കുകയില്ല. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് എൻഡിടിവിയോട് പറഞ്ഞു. ജൂഡീഷ്യൽ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സുപ്രീംകോടതിയിൽ ഉണ്ട്. 1600 ലധികം വീഡിയോ കോൺഫറൻസിം​ഗ് ലിങ്കുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 16 ബെഞ്ചുകൾ പ്രവർത്തിക്കുന്നു. സുപ്രീം കോടതി ഇ കമ്മിറ്റി ചെയർമാൻ കൂടിയാണ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. 

കൊവിഡിന്റെ രണ്ടാം തരം​ഗം വളരെ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന രാജ്യമായി മാറുകയാണ് ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്ത് ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായ ആറാം ദിവസം 1.68,912 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധ മൂലം 904 പേർ മരിച്ചുവെന്ന് ആരോ​ഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 
 

click me!