
ദില്ലി:ഗ്യാൻവാപ്പി പള്ളിയിലെ സർവേ താൽകാലികമായി തടഞ്ഞ് സുപ്രീം കോടതി. മറ്റന്നാൾ വൈകിട്ട് അഞ്ച് മണിവരെ സർവേ നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. ജില്ലാ കോടതി നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ പള്ളിക്കമ്മറ്റിക്ക് സുപ്രീം കോടതി സമയം നൽകി.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗ്യാൻവാപ്പി പള്ളിയിൽ സർവേക്ക് ജില്ലാ കോടതി ഉത്തരവിട്ടത്.സർവേയുടെ റിപ്പോർട്ട് അടുത്തമാസം നാലിന് സമർപ്പിക്കാനും നിർദ്ദേശിച്ചു.ഇതിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രീം കോടതിയിൽ എത്തിയത്. രാവിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിച്ചു. തുടർന്ന് അടിയന്തരവാദം കേട്ടു. അപ്പീലിന് പോകാൻ സമയം നൽകാതെയാണ് നടപടിയെന്നും രാവിലെ ഏഴ് മണിക്ക് സർവേ തുടങ്ങിയെന്നും പള്ളി കമ്മറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടു.
ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണി വരെ സർവേ കോടതി തടഞ്ഞു. ഇതിനുള്ളിൽ ജില്ലാ കോടതി ഉത്തരവിന് എതിരെ പള്ളി കമ്മറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി ഉടനടി അപ്പീലിൽ തീരുമാനം എടുക്കണം എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഇന്നത്തെ ഉത്തരവ് ASI യെ അറിയിക്കാനും ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു. പള്ളിയ്ക്ക് അകം കുഴിച്ച് പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് കമ്മിറ്റിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദത്തിനിടെ പറഞ്ഞു. എന്നാൽ നിലവിൽ അളക്കലും, റഡാർ ഇമേജിങ്, ഫോട്ടോഗ്രാഫി എന്നിവയും മാത്രമാണ് നടത്തുന്നതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സർവേ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, അബ്ദുൾ സമദ് സമദാനി, നവാസ് കനി എന്നിവർ പാർലമെന്‍റില്‍ നോട്ടീസ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam