
ദില്ലി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ ഹൈക്കോടതികൾക്ക് പുതിയ നിർദ്ദേശം മുന്നോട്ടു വച്ച് സുപ്രീം കോടതി. ക്രിമിനൽ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും പരിഗണിച്ചുവേണം ഹൈക്കോടതികൾ ജാമ്യം നൽകേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. പറ്റ്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം. സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാകരുത് എന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്.
ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ആദ്യത്തേത് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുക എന്നതാണ്. സ്ഥിരം കുറ്റവാളികൾ ആണെങ്കിൽ ജാമ്യം നിഷേധിക്കാം. കുറ്റത്തിന്റെ തീവ്രതയാണ് രണ്ടാമതായി പരിശോധിക്കേണ്ടത്. മുൻപ് കുറ്റം ചെയ്തിട്ടില്ലാത്തവരാണെങ്കിലും ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജാമ്യം നൽകുന്നത് ശ്രദ്ധിച്ചു വേണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജയിലല്ല ജാമ്യമാണ് പ്രധാനമെന്ന് മുൻപ് പല തവണ കോടതി ഉത്തരവ് നല്കിയിരുന്നു.
എന്നാൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും അവഗണിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കൊടുംകുറ്റവാളികളായ അഞ്ച് പ്രതികൾക്ക് പറ്റ്ന ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇവർ സ്ഥിരം കുറ്റവാളികൾ ആണെന്നും ഇവർക്കെതിരെ നിരവധി കേസുകളും നിലനിൽക്കുന്നുണ്ടെന്നും പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടി എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആയുധങ്ങളുമായി ആസൂത്രിതമായി കൊലപാതകം നടത്തുന്നവർ പുറത്തു നിന്നാൽ ഇത് ആവർത്തിക്കും. ജാമ്യത്തിനുള്ള അവകാശം കൊടും കുറ്റവാളികൾക്കില്ല എന്ന കാര്യം പരമോന്നത കോടതി ഒരിക്കൽ കൂടി ഈ നിലപാടിലൂടെ ഓർമ്മിപ്പിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam