
ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണമടക്കം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്ഐആറിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പ് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനം ഒറ്റയ്ക്ക് എടുത്തുവെന്നതടക്കം പരിശോധിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങൾക്ക് എല്ലാം അറിയാമെന്നും എല്ലാം പരിശോധിക്കുമെന്നും ഇന്ന് ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിശോധിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ ജോയ്മല്യ ബഗ്‌ചി, വി മോഹന എന്നിവർ അംഗങ്ങളുമായ ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് കോടതി പത്ത് ദിവസം സമയം അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച സമയവും കോടതി നൽകി.
രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കൾക്കും വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് ഇന്ന് കോടതിയിൽ ഹാജരായത്. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്‌ഠമായിരുന്നോ അല്ലേയെന്നത് കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് തങ്ങൾക്ക് എല്ലാം അറിയാമെന്നും എല്ലാം പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. പ്രധാനമായും ഗ്യാനേഷ് കുമാറിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്ന ഹർജികളാണ് കോടതിയുടെ പരിഗണനക്കെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam