
ദില്ലി: ഒരു സ്ത്രീ നടത്തിയ അസാധാരണ പോരാട്ടമാണ് ബിൽകിസ് ബാനു കേസ്. കൂട്ടക്കൊലയും കൂട്ടബലാത്സംഗവും ചെയ്ത പ്രതികൾക്ക് ജീവപര്യന്തം നേടിക്കൊടുക്കാൻ വർഷങ്ങൾ നീണ്ട ധീരപോരാട്ടമാണ് നടന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ പുറത്തിറക്കിയപ്പോഴും രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വസിച്ച് നടത്തിയ പോരാട്ടമാണ് ഒടുവില്‍ ഫലം കണ്ടത്. ഗുജറാത്ത് കലാപകാലത്ത് ജീവനുമായി പലായനം ചെയ്യുമ്പോഴാണ് ബിൽകിസ് ബാനുവും കുടുംബവും ഒരു കൂട്ടം അക്രമികളുടെ പിടിയിലാവുന്നത്. 2002 മാർച്ച് 3 ന് നടന്നതത്രയും സങ്കൽപിക്കാൻ പോലും കഴിയാത്ത ക്രൂരത. കുടുംബത്തെയും കലാപകാരികൾ ആക്രമിച്ചു. കുടുംബത്തിലെ ഏഴ് പേരെ കൊന്നു. അഞ്ച് മാസം ഗർഭിണിയായ ബിൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന അമ്മയെയും വെറുതെ വിട്ടില്ല. കേസെടുക്കാൻ മടിച്ച പൊലീസ് തെളിവുകളില്ലെന്ന് പറഞ്ഞ് ആട്ടിയോടിക്കാനാണ് ശ്രമിച്ചത്.
പോരാടാനുറച്ച ബിൽകിസ് സുപ്രീംകോടതിയെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. അടുത്തവർഷം ഡിസംബറിൽ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതാണ് നിർണായകമായത്. ലോക്കൽ പൊലീസിന് തെളിവില്ലെങ്കിലും അന്വേഷണം ഏറ്റെടുത്ത് ഒരു മാസത്തിനകം സിബിഐ പ്രതികളെയെല്ലാം പിടിച്ചു. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും പ്രതികൾ തുടങ്ങിയതോടെ ബിൽകിസ് ബാനുവിന്‍റെ ആവശ്യത്തിൽ കേസ് ഗുജറാത്തിൽ നിന്ന് ബോംബെയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി. ഇതാണ് കേസില്‍ വഴിത്തിരിവായത്.തുടര്‍ന്ന് 2008ൽ 13 പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് പ്രതികൾ അപ്പീൽ പോവുകയും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഹൈകോടതി അത് അനുവദിച്ചില്ല. ജീവപര്യന്തം ശിക്ഷ ശരിവച്ചു.
2022 മെയ് 15നാണ് 15 വർഷം ജയിലിൽ കഴിഞ്ഞെന്ന് കാട്ടി പ്രതിയായ രാധേശ്യാം ഷാ ശിക്ഷാ ഇളവ് തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അപേക്ഷ തള്ളി. പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അവിടെനിന്നും അനുകൂല ഉത്തരവുണ്ടായില്ല. അങ്ങനെ ഒടുവില്‍ സുപ്രീംകോടതിയിൽ കേസ് എത്തുന്നത്. ഗുജറാത്ത് സർക്കാരിനോട് തീരുമാനിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് സർക്കാർ പ്രതികളെ വിട്ടയച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ വീണ്ടും ബിൽകിസ് ബാനുവെത്തി. പലവിധ ന്യായങ്ങൾ പറഞ്ഞ് പ്രതികൾ നടപടികൾ നീട്ടിക്കൊണ്ട് പോയി. പക്ഷെ ഇന്ന് വന്ന സുപ്രീം കോടതി വിധിയോടെ ബിൽകിസ് ബാനുവിന് കേസില്‍ അന്തിമ വിജയവും നീതിയും ലഭിച്ചു.