
ദില്ലി : ഇന്ത്യ ബന്ധത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ. നേരത്തെ നിശ്ചയിച്ച അഞ്ചു ദിവസത്തെ പര്യടനത്തിൽ സുപ്രധാന കരാറുകൾ ഒപ്പിടുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയെ അപഹസിച്ച മന്ത്രിമാർക്കെതിരെ മാലദ്വീപിലും പ്രതിഷേധം ഉയരുകയാണ്. അതിനിടെ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ മാലദ്വീപും വിളിച്ചുവരുത്തി.
മാലദ്വീപിൽ പുതിയ പ്രസിഡന്റ് അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന കീഴ്വഴക്കം തെറ്റിച്ച ഭരണാധികാരിയാണ് മൊഹമ്മദ് മൊയിസു. നവംബറിൽ അധികാരമേറ്റ മൊയിസു തുർക്കിയടക്കം സന്ദർശിച്ചിട്ടും ഇന്ത്യയിലെത്താൻ കൂട്ടാക്കിയിരുന്നില്ല. ഇപ്പോൾ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ ക്ഷണം
സ്വീകരിച്ചാണ് മൊയിസു ബെയ്‌ജിങ്ങിൽ എത്തിയിരിക്കുന്നത്. സന്ദർശനത്തെ പ്രശംസിച്ച് ചൈനീസ് സർക്കാർ പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് മുഖപ്രസംഗം എഴുതി. വ്യാപാര വ്യവസായ മേഖലകളിലും സാങ്കേതിക വിദ്യയിലും സഹകരണം വർധിപ്പിക്കാനുള്ള വിവിധ കരാറുകളിൽ ചൈനയും മാലദ്വീപും ഒപ്പിടും. മന്ത്രിതല സംഘവും മൊഹമ്മദ് മൊയിസുവിനോപ്പമുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രിയെ അപഹസിച്ച മന്ത്രിമാർക്ക് എതിരെ മാലദ്വീപിലും വിമർശനം ശക്തമായി. ഇന്ത്യ എന്ന നല്ല അയൽക്കാരനെതിരെ വിദ്വേഷ ഭാഷ പ്രയോഗിച്ച മന്ത്രിമാരുടെ നടപടിയെ അപലപിക്കുന്നുവെന്ന് മുൻ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സാലിഹ് വ്യക്തമാക്കി.മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ്, മുൻ ഡെപ്യുട്ടി സ്പീക്കർ ഇവ അബ്ദുല്ല എന്നിവരും മന്ത്രിമാർക്ക് എതിരെ രംഗത്തുവന്നു. മന്ത്രിമാരുടെ ലജ്ജാകരവും വംശീയവുമായ പരാമർശങ്ങൾക്ക് ഇന്ത്യയോട് താൻ ക്ഷമ ചോദിക്കുന്നതായി ഇവ അബ്ദുല്ല പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മാലദ്വീപ്
ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ മാലദ്വീപും വിളിച്ചുവരുത്തി. മാലദ്വീപിലെ ഇന്ത്യൻ ഹൈ കമ്മീഷണർ മുനു മഹവാറിനെയാണ് വിളിച്ചുവരുത്തിയത്. ഇന്ത്യയിലെ മാലദ്വീപ് ഹൈ കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് നടപടി.