എംപിമാർക്കും എംഎൽഎമാർക്കും എതിരായ പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കണം; സുപ്രീംകോടതി

By Web TeamFirst Published Aug 26, 2021, 6:50 PM IST
Highlights

എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള 36 കേസുകളാണ് കേരളത്തിൽ പിൻവലിച്ചത്. എന്തുകൊണ്ട് കേസുകൾ പിൻവലിച്ചുവെന്ന് സർക്കാരുകൾ ഹൈക്കോടതികളെ അറിയിക്കണമെന്ന് സുപ്രൂംകോടതി നിര്‍ദ്ദേശിച്ചു.

ദില്ലി: എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പുറത്തിറങ്ങി. സെപ്റ്റംബർ 2020 ന് ശേഷം പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള 36 കേസുകളാണ് കേരളത്തിൽ പിൻവലിച്ചത്. എന്തുകൊണ്ട് കേസുകൾ പിൻവലിച്ചുവെന്ന് സർക്കാരുകൾ ഹൈക്കോടതികളെ അറിയിക്കണമെന്ന് സുപ്രൂംകോടതി നിര്‍ദ്ദേശിച്ചു. കേസുകൾ പരിശോധിച്ച് ഹൈക്കോടതികൾ ഉചിതമായ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.

ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിൽ 36 കേസുകൾ പിൻവലിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിൽ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇതിലേറെയും. തിരുവനന്തപുരം ജില്ലയിൽ 26 കേസും വയനാട്ടിൽ ഒരു കേസും തലശ്ശേരി കോടതിയിൽ ഉണ്ടായിരുന്ന 9 കേസും ഒരു വര്‍ഷത്തിനുള്ളിൽ സര്‍ക്കാര്‍ പിൻവലിച്ചു. ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള കേസുകൾ പിൻവലിക്കരുതെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കേണ്ടതാണെന്നും കോടതി വാക്കാൽ പരാമര്‍ശം നടത്തിയിരുന്നു.

കേരളത്തില്‍ വിവിധ ജില്ലകളിലായി എംപിമാർക്കും എംഎൽഎമാർക്കുമെതിരെ 380 കേസുകൾ പരിഗണനയിലുണ്ട്. ഏറ്റവും അധികം കേസുകൾ ഉള്ളത് തിരുവനന്തപുരത്താണ്. രണ്ടാമത് കോട്ടയം ജില്ലയിൽ. എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള കേസുകളുടെ കാര്യത്തിൽ വിശദമായ ഉത്തരവ് ഉടൻ ഇറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഒരു വര്‍ഷത്തിനുള്ളിൽ പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായാൽ 36 കേസുകളിൽ നിന്ന് പുറത്തുപോയ എംഎൽഎമാര്‍ക്കും എംപിമാര്‍ക്കും വിചാരണ നേരിടേണ്ടിവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!