രാജ്യത്തെ പകുതിയിലേറെ കൊവിഡ് രോഗികളും കേരളത്തിലെന്ന് ആരോഗ്യ മന്ത്രാലയം; കൊവിഷീൽഡ് ഡോസുകളുടെ ഇടവേള കുറച്ചേക്കും

By Web TeamFirst Published Aug 26, 2021, 5:15 PM IST
Highlights

കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 12 മുതല്‍ 16 ആഴ്ച വരെയാണ് കൊവിഷീൽഡ്  വാക്സിൻ ഡോസുകളുടെ ഇടവേള.

ദില്ലി: രാജ്യത്ത് ചികിത്സയിലുള്ളതില്‍ പകുതിയിലധികം രോഗികളും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒരു ലക്ഷത്തിലധികം പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ ചികിത്സയിൽ ഉള്ളവരിൽ 51 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  24 മണിക്കൂറിനിടെ രാജ്യത്ത് 46,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 68% കേരളത്തിൽ നിന്നാണ്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേസുകൾ കുറയുകയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണെങ്കിലും ചില സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരംഗം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. കൊവിഡ് പരിശോധന കൂട്ടണമെന്നും വീടുകളിൽ ഐസൊലേഷനിൽ ഉള്ളവരുടെ നിരീക്ഷണം കർശനമാക്കണമെന്നും കേരളത്തിന് നേരത്തെ തന്നെ ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. രാജ്യത്ത് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനായി സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യത്തിൽ ആലോചന നടക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ 12 മുതല്‍ 16 ആഴ്ച വരെയാണ് കൊവിഷീൽഡ്  വാക്സിൻ ഡോസുകളുടെ ഇടവേള.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!