സാമ്പത്തിക സംവരണ കേസ്, സുപ്രീംകോടതി വിധി തിങ്കളാഴ്ച

Published : Nov 05, 2022, 07:35 PM ISTUpdated : Nov 05, 2022, 11:04 PM IST
സാമ്പത്തിക സംവരണ കേസ്, സുപ്രീംകോടതി വിധി തിങ്കളാഴ്ച

Synopsis

ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ അവസാന പ്രവൃത്തി ദിനമാണ് തിങ്കളാഴ്ച്ച.

ദില്ലി: സാമ്പത്തിക സംവരണ കേസിൽ സുപ്രിംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ അവസാന പ്രവൃത്തി ദിനമാണ് തിങ്കളാഴ്ച്ച. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.  സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം.

അതേസമയം യു യു ലളിതിന്‍റെ പിന്‍ഗാമിയായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. സുപ്രീംകോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് ഒമ്പതാം തിയതി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ച് കൊണ്ടുള്ള ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാ‍ർ ചന്ദ്രചൂഡിന് പച്ചക്കൊടി കാട്ടിയത്. 2024 നവംബർ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വർഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും.

സമീപകാലത്ത് വന്ന ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും കൂടുതല്‍ കാലം പരമോന്നത നീതിപീഠത്തിന്‍റെ തലപ്പത്തിരിക്കുന്ന ആളാകും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കൃത്യമായി പറഞ്ഞാൽ രണ്ടു വര്‍ഷവും രണ്ട് ദിവസവും എന്നതാകും പരമോന്നത നീതിപീഠത്തിന്‍റെ തലവന്‍ എന്ന പദവിയില്‍ ചന്ദ്രചൂഡിന്‍റെ കാലാവധി. അച്ഛനും മകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നു എന്നതാണ് ചന്ദ്രചൂഡിന്‍റെ നിയമനത്തിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അച്ഛന്‍ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏഴ് വര്‍ഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതല്‍ 1985 വരെ).

PREV
Read more Articles on
click me!

Recommended Stories

വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം
കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു