പത്രിക തള്ളിയത് അടിസ്ഥാനമില്ലാതെ: തേജ് ബഹാദൂറിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Published : May 09, 2019, 06:26 AM IST
പത്രിക തള്ളിയത് അടിസ്ഥാനമില്ലാതെ: തേജ് ബഹാദൂറിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നൽകിയ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വിശദീകരണം നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയതിനെതിരയാണ് ഹര്‍ജി.

സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ, ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂർ വാദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. അഴിമതി കേസിലാണോ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നൽകിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബിഎസ്പി-ആര്‍എൽഡി സഖ്യ സ്ഥാനാർത്ഥിയായി പുതിയ പത്രിക നൽകുകയായിരുന്നു. 

സൈന്യത്തിലെ അഴിമതി സാമൂഹ്യമാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞതിന് 2017ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയത്. മുൻ സൈനികനെ സ്ഥാനാര്‍ത്ഥിയാക്കി മോദിയെ പ്രതിരോധത്തിലാക്കാനുള്ള മഹാസഖ്യത്തിന്‍റെ നീക്കം കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ പൊളിഞ്ഞത്. 

ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ശാലിനി യാദവിന്‍റെ പത്രിക പിൻവലിച്ചായിരുന്നു തേജ് ബഹാദൂറിന് മഹാസഖ്യം സീറ്റ് നൽകിയത്. തേജ് ബഹാദൂര്‍ യാദവിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ സുപ്രീംകോടതിയും ഇടപെട്ടില്ലെങ്കിൽ, വാരാണസിയിൽ മത്സരം നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായ്ക്കും ഇടയിലാവും. മോദിക്കെതിരെ കോണ്‍ഗ്രസിന് വോട്ടുചെയ്യുക മാത്രമാകും മഹാസഖ്യത്തിന് മുന്നിലെ വഴി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ
'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'