'വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കല്‍'; ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

By Web TeamFirst Published Apr 21, 2020, 2:21 PM IST
Highlights

എന്നാല്‍ ഇറാനില്‍ കുടുങ്ങിയ  മത്സ്യതൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു

ദില്ലി: അമേരിക്കയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ലോകവ്യാപകമായി നടക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ഇന്ത്യയും നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. 

വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമെ മുന്നോട്ട് പോകാനാകു. ഇക്കാര്യങ്ങളിൽ കോടതി ഇടപെടില്ല. ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ അവിടത്തെ ഏംബസിക്ക് നിര്‍ദ്ദേശം നൽകണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകൾ  നേരിട്ട് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നത് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കലുര്‍ റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തള്ളി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്‍റെ
തീരുമാനത്തിന് വിട്ടു. 

ഇതിനൊക്കെയായി സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. ഇത്തരം ഹര്‍ജികൾ നൽകുന്നതിന് പകരം ഹര്‍ജിക്കാര്‍ പാവപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കണമെന്ന് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത വാദിച്ചു.
 

click me!