
പാറ്റ്ന: നാളെ ആദ്യഘട്ട വോട്ടെടുപ്പിന് ബീഹാർ തയ്യാറെടുക്കവെ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രവചനം തള്ളി നിതീഷ്കുമാറിൻറെ ജനതാദൾ യുണൈറ്റഡ്. അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് സർവ്വെയെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷൻ ബസിഷ്ഠ് നാരായൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് എൻഡിഎ വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും ജെഡിയു സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
ബീഹാറിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളിൽ ഭൂരിപക്ഷവും ഇപ്പോൾ ജെഡിയു ബിജെപി സഖ്യത്തിൻറെ കൈയ്യിലാണ്. ഇത് നിലനിറുത്തുക പ്രധാനമാകുമ്പോഴാണ് ബിജെപിക്ക് കൂടുതൽ സീറ്റുകൾ കിട്ടും എന്ന സർവ്വെ ഫലങ്ങൾ പുറത്തു വന്നത്. ഇത് എൻഡിഎ ക്യാംപിൽ സർവ്വെ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ജെഡിയു സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമായ ബസിഷ്ഠ് നാരായൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കവെ അതൃപ്തി മറച്ചു വച്ചില്ല
നിതീഷ് കുമാർ വീണ്ടും ആർഡെയിയുമായി കൈകോർക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ സർവ്വെ ഫലങ്ങൾ. പ്രതിപക്ഷത്തോടൊപ്പം ബിജെപി വോട്ടുകൾ കിട്ടാൻ ചിരാഗ് പാസ്വാനും ഈ പ്രചാരണത്തിനു പിന്നിലുണ്ടെന്ന് ജെഡിയു കരുതുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിതീഷിൻ്റെ അതൃപ്തി മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. നാളെ പറ്റ്നയിൽ എൻഡിഎ സംയുക്ത റാലിയിൽ പ്രധാനമന്ത്രിയും നിതീഷ് കുമാറും പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam