നാളെ ബിൽ പാസാക്കാൻ എടുക്കുമ്പോൾ വോട്ടെടുപ്പ് ആവശ്യപ്പെടാനാണ് പ്രതിപക്ഷ തീരുമാനം. ബിൽ വികസിത ഭാരതത്തിന് വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു.

ദില്ലി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവ​ഗണിച്ച് വികസിത് ഭാരത് ജി റാം ജി ബിൽ ലോക്സഭയിൽ ചർച്ചയ്ക്കെടുത്ത് കേന്ദ്രസർക്കാർ. നാലേകാൽ മണിക്കൂർ നീണ്ട ചർച്ചയിൽ ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തി. നാളെ ബിൽ പാസാക്കാൻ എടുക്കുമ്പോൾ വോട്ടെടുപ്പ് ആവശ്യപ്പെടാനാണ് പ്രതിപക്ഷ തീരുമാനം. ബിൽ വികസിത ഭാരതത്തിന് വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും സ്റ്റാൻഡിം​ഗ് കമ്മറ്റിക്ക് വിടണമെന്ന ആവശ്യവും അവ​ഗണിച്ചാണ് കേന്ദ്രസർക്കാർ വികസിത് ഭാരത് ജി റാം ജി ബിൽ ചർച്ചയ്ക്ക് എടുത്തത്. ആണവോർജ നിയമ ഭേദ​ഗതി ബില്ലിൻമേൽ ചർച്ച പൂർത്തിയാക്കി പാസാക്കി വൈകീട്ടാണ് ചർച്ച തുടങ്ങിയത്. വേണ്ടത്ര സമയം ചർച്ചയ്ക്ക് നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു, എന്നാൽ രാത്രി വൈകി ചർച്ച നടത്തുന്നതിനെ കോൺഗ്രസ് അടക്കം എതിർത്തു. തുടർന്നാണ് ബിൽ നാളെ പാസാക്കാമെന്നും ഇന്ന് രാത്രി 10 മണിവരെ ചർച്ച നടത്താമെന്നും സ്പീക്കർ അറിയിച്ചത്. 

നാളെ ബിൽ പാസാക്കാനെടുക്കുമ്പോൾ വോട്ടിം​ഗ് ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബില്ല് പാസ്സാകുമെങ്കിലും ഇക്കാര്യത്തിൽ വോട്ടു ചെയ്ത് പ്രതിഷേധം അറിയിക്കാനാണ് നീക്കം. തൊഴിൽ കൂടുതൽ ആവശ്യമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങൾ പുതിയ നിയമത്തിലൂടെ ശിക്ഷിക്കപ്പെടുന്നുവെന്നും കാർഷിക സീസണിലെ 60 ദിവസത്തെ തൊഴിൽ നഷ്ടം കുടുംബങ്ങളെ തകർക്കുമെന്നും കോൺ​ഗ്രസ് എംപിമാർ പറഞ്ഞു. സമാജ് വാദി പാർട്ടിയും ഡിഎംകെയും ടിഎംസിയും എൻസിപിയും ബില്ലിനെ ശക്തമായി എതിർത്തു.

അതേസമയം ടിഡിപിയും ജെഡിയുവും ബില്ലിനെ പിന്തുണച്ചതോടെ ബിൽ പാസാക്കാൻ കേന്ദ്രസർക്കാറിന് തടസങ്ങൾ ഒഴിവായി. നാളെ ബിൽ ലോക്സഭ കടന്നാലും ശൈത്യകാല സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച ബിൽ രാജ്യസഭ കടക്കുമോയെന്നത് വ്യക്തമല്ല.

വികസിത് ഭാരത് റാംജി ബിൽ; ലോക്‌സഭയിൽ ബിൽ പരിഗണിക്കുന്നു