
ദില്ലി: കേരളത്തിന് ഒരിക്കലും മറക്കാനാകുന്നതല്ല സുഷമാ സ്വരാജിന്റെ മനുഷ്യസ്നേഹവും നയതന്ത്ര ഇടപെടലും. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കാനും ലിബിയയിൽ സംഘർഷത്തിൽ അകപ്പെട്ടവരെ തിരികെ എത്തിക്കാനും ടോം ഉഴുന്നാലിലിന്റെ മോചനത്തിലുമെല്ലാം അത് കേരളം അനുഭവിച്ചറിഞ്ഞു
2016ല്‍ 45 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യൻ നഴ്സുമാർ ഇറാഖിൽ ഐഎസിന്റെ പിടിയിലകപ്പെട്ട വിവരം ഞെട്ടലോടെയാണ് കേരളം കേട്ടത്. വിവരം അറിഞ്ഞയുടൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദില്ലിക്ക് തിരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ചെന്നുകണ്ടു കാര്യങ്ങള്‍ അറിയിച്ചു. പിന്നീടെല്ലാം വളരെ വേഗമായിരുന്നു. സുഷമാ സ്വരാജ് അന്നെടുത്ത ചടുല നീക്കങ്ങൾ പിന്നീട് ലോകത്തിന്റെ തന്നെ പ്രശംസ നേടി. 46 പേരേയും ജീവനോടെ തന്നെ നാട്ടിലെത്തിക്കാനായി.
ലിബിയയിലെ ട്രിപ്പോളിയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ മന്ത്രി എന്നതിനും അപ്പുറമുള്ള ഇടപെടലായിരുന്നു സുഷമ സ്വരാജ് നടത്തിയത്. എല്ലാവരും എത്രയും വേഗം മടങ്ങി എത്തണമെന്നും വൈകിയാൽ രക്ഷിക്കാനാവില്ല എന്നും സുഷമ അറിയിച്ചു. വെറുതെ അറിയിക്കുക മാത്രമായിരുന്നില്ല, മലയാളികൾ ഉൾപ്പടെയുള്ളവരെ മടക്കികൊണ്ടുവരാനുള്ള ഒരുക്കങ്ങളും അവർ ചെയ്തു.
യെമനിൽ വച്ച് ഭീകരുടെ കയ്യിൽ അകപ്പെട്ട വൈദികൻ ടോം ഉഴുന്നാലിലിനെ മടക്കി കൊണ്ടുവന്നപ്പോഴും ആ സ്നേഹം കേരളം ഏറെ അനുഭവിച്ചു. പാലാ രാമപുരം സ്വദേശിയായ ഉഴുന്നാലിലിനെ മോചിപ്പിക്കാൻ സമയമെടുത്തു എങ്കിലും അത് സാധ്യമാക്കിയത് വിദേശകാര്യമന്ത്രി എന്ന നിലയിൽ സുഷമ നടത്തിയ ഇടപെടലുകളായിരുന്നു.
പിന്നീട് ഖത്തറിൽ സന്ദർശനം നടത്തിയപ്പോൾ ലേബർ ക്യാമ്പുകളിൽ നേരിട്ടെത്തി സുഷമ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രയാസങ്ങൾ കേട്ടു. വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് ഉറപ്പ് നൽകി. ഇതിനുപുറമേ ട്വിറ്ററിലൂടേയും നേരിട്ടും സഹായാഭ്യർഥന നടത്തിയവരെല്ലാം ആ സ്നേഹവാൽസല്യം അനുഭവിച്ചറിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam