ബോളിവുഡ് ലഹരിമരുന്ന് കേസിൽ ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

By Web TeamFirst Published Sep 26, 2020, 6:26 AM IST
Highlights

2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്‍റെ അഡ്മിൻ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങൾ കൂടി അന്വേഷണ സംഘം ഇന്നലെ നൽകി.

മുംബൈ: സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ദീപികാ പദുകോൺ അടക്കം ബോളിവുഡിലെ മുൻനിര നായികമാരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. സാറ അലിഖാൻ, ശ്രദ്ധാ കപൂർ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുന്ന മറ്റ് നടിമാർ. 2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്‍റെ അഡ്മിൻ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങൾ കൂടി അന്വേഷണ സംഘം ഇന്നലെ നൽകി.

ദീപികയുടെ മാനേജർ കരിഷ്മയും സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. നടി രാകുൽ പ്രീത് സിങ്ങിനെയും കരിഷ്മയെയും എൻസിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. താൻ ലഹരിമരുന്ന് കൈവശം വച്ചത്, സുശാന്തിന്‍റെ കാമുകി റിയ ചക്രവർത്തിക്കു വേണ്ടിയാണെന്നാണ് രാകുലിന്‍റെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.

ഇന്നലെ ചോദ്യം ചെയ്യലിനെത്തിയ ധർമ പ്രൊഡക്ഷൻസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് പ്രസാദിനെ എൻസിബി കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാൾക്ക് ഇപ്പോൾ സ്ഥാപനവുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ധർമ്മ പ്രൊഡക്ഷൻസ് ഉടമ കരൺ ജോഹർ രംഗത്തെത്തി.

click me!