'അങ്കം തോറ്റു,യുദ്ധം ജയിച്ചു'; ആ തോല്‍വിയില്‍ സുഷമ പറഞ്ഞത്, കാലം തെളിയിച്ചത്!

By Web TeamFirst Published Aug 7, 2019, 1:13 PM IST
Highlights

അങ്ങനെ ആ പോരാട്ടം 'മകളും മരുമകളും തമ്മിലുള്ളത്' എന്ന രീതിയില്‍ ഗ്രാമങ്ങളിലാകെ പ്രചരിച്ചു. ജനവിധി പക്ഷേ ആ 'മരുമകള്‍'ക്കൊപ്പമായിരുന്നു. 

1999ലെ പൊതുതെരഞ്ഞെടുപ്പ്, സമയപരിധി തീരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബെല്ലാരിയിലേക്ക് സുഷമ സ്വരാജ് പറന്നിറങ്ങി,  നാമനിർദേശ പത്രിക സമര്‍പ്പിച്ചു. സോണിയാ ഗാന്ധിയാണ് എതിര്‍സ്ഥാനാര്‍ത്ഥി. കന്നഡയുടെ മണ്ണിലേക്ക് പോരാട്ടവീര്യവുമായി വന്നിറങ്ങിയ സുഷമ സ്വയം 'ബെല്ലാരിയുടെ മകള്‍' എന്ന് വിശേഷിപ്പിച്ചു. അങ്ങനെ ആ പോരാട്ടം മകളും മരുമകളും തമ്മിലുള്ളത് എന്ന രീതിയില്‍ ഗ്രാമങ്ങളിലാകെ പ്രചരിച്ചു. ജനവിധി പക്ഷേ ആ മരുമകള്‍ക്കൊപ്പമായിരുന്നു. സുഷമ തോറ്റു സോണിയ ജയിച്ചു. അന്ന് സുഷമ പറഞ്ഞത് അങ്കം തോറ്റു, എന്നാല്‍ യുദ്ധം ജയിച്ചു എന്നായിരുന്നു. ആ വാക്കുകള്‍ സത്യമാണെന്ന് കാലം തെളിയിച്ചു.

കർണാടകത്തിലെ ബിജെപിയുടെ വളർച്ചക്ക് വെള്ളവും വളവും നല്‍കിയ പോരാട്ടമായിരുന്നു  1999ലേത്. എ ബി വാജ്പേയിക്കും ചന്ദ്രബാബു നായിഡുവിനുമൊപ്പം തെര‍ഞ്ഞെടുപ്പ് റാലികളില്‍ എത്തിയ സുഷമ കന്നഡയില്‍ പ്രസംഗിച്ച് ബെല്ലാരിയുടെ മനസിലേക്ക് ആഴ്ന്നിറങ്ങി. തെരഞ്ഞെടുപ്പില്‍ തോറ്റു മടങ്ങിയെങ്കിലും കർണാടക രാഷ്ട്രീയത്തില്‍ സുഷമയുടെ വരവ് വഴിത്തിരിവായി.

പിന്നീട് ബെല്ലാരിയിലെ ബിജെപി ശക്തിയായി വളര്‍ന്ന റെഡ്ഡി സഹോദരന്മാരുടെ രാഷ്ട്രീയപ്രവേശം സുഷമയുടെ കൈപിടിച്ചായിരുന്നു. കോൺഗ്രസ് കോട്ടയായിരുന്ന ഖനി മേഖലയില്‍ സുഷമയ്ക്ക് വോട്ടുചോദിച്ചാണ് റെഡ്ഡി സഹോദരന്മാരുടെ തുടക്കം. ജനാർദൻ റെഡ്ഡി ബെല്ലാരിയില്‍ സുഷമയുടെ വലംകൈയ്യായപ്പോള്‍ ശ്രീരാമലു അവരുടെ വാഹനത്തിന് സാരഥിയായി. ബെല്ലാരിക്കപ്പുറം ഹൈദരാബാദ് കർണാടകത്തിലും ബിജെപി സ്വാധീനമുണ്ടാക്കി. പിന്നീട്, ഖനിസാമ്രാജ്യം വളർത്തിയ റെഡ്ഡിമാരുടെ പിന്തുണയിൽ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സർക്കാർ കർണാടകത്തിൽ  അധികാരത്തിലേറി. 

പിന്നീട് എല്ലാ വർഷവും വരലക്ഷ്മി പൂജയ്ക്ക് സുഷമ ബെല്ലാരിയിലെത്തുമായിരുന്നു. 2011 വരെ അത് തുടര്‍ന്നു. അഴിമതിക്കേസുകളിൽ റെഡ്ഡിമാരുടെ പേര് വന്നപ്പോൾ മുതൽ ആ പതിവ് അവസാനിച്ചു. റെഡ്ഡിമാരുടെ രാഷ്ട്രീയജീവിതവുമായി ഒരു ബന്ധവും തനിക്കില്ലെന്ന് സുഷമ സ്വരാജ് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാമവസാനിപ്പിച്ച് സുഷമ മടങ്ങുമ്പോൾ  കർണാടക ബിജെപിയുടെ മുഖമായി ശ്രീരാമലു ഉണ്ട, പക്ഷേ ജനാർദൻ റെഡ്ഡി അഴിമതിക്കുരുക്കുകളിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല....!

click me!