സുഷമ സ്വരാജിന്റെ മരണം തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

By Web TeamFirst Published Aug 6, 2019, 11:47 PM IST
Highlights

ദീർഘക്കാലത്തെ വ്യക്തിപരമായ ബന്ധം സുഷമ സ്വരാജുമായി ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിൽ സഹമന്ത്രിയായി ചുമതലയെടുത്തതിന് ശേഷം അവരെ കണ്ട് അനു​ഗ്രഹം വാങ്ങിയിരുന്നതായും മുരളീധരൻ പറഞ്ഞു. 

തിരുവനന്തപുരം: സുഷമ സ്വരാജിന്റെ മരണം തീരാനഷ്ടമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. തന്നെ സംബന്ധിച്ചിടത്തോളം ഏറെ അവശ്വസനീയമായ വാർത്തയാണ് സുഷമ സ്വരാജിന്റെ വിയോ​ഗം. ദീർഘക്കാലത്തെ വ്യക്തിപരമായ ബന്ധം സുഷമ സ്വരാജുമായി ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിൽ സഹമന്ത്രിയായി ചുമതലയെടുത്തതിന് ശേഷം അവരെ കണ്ട് അനു​ഗ്രഹം വാങ്ങിയിരുന്നതായും മുരളീധരൻ പറഞ്ഞു.

എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ പരിപാടി ഇല്ലെങ്കിൽ പോലും എയ്ർപോർട്ട് വഴി പോകുമ്പോൾ വരണം എന്ന് പറയാറുണ്ട്. അത്രയുമധികം സ്നേഹത്തോടെ പെരുമാറിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം മുൻ വിദേശകാര്യമന്ത്രി എന്നതിലുപരി വ്യക്തിപരമായ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തനിക്കപ്പോൾ അവരെക്കുറിച്ച് ഓർക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയാണ് ബിജെപി മുതിർന്ന നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് വിടപറഞ്ഞത്. 67 വയസ്സായിരുന്നു. ​ഹൃദയാഘാതെ തുടർന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.  
 

click me!