
വാക്ചാതുര്യം കൊണ്ടും പ്രസംഗപാടവം കൊണ്ടും പലതവണ പാര്‍ലമെന്‍റിനെ അമ്പരപ്പിച്ചിട്ടുണ്ട് സുഷമ സ്വരാജ്. സ്വതസിദ്ധമായ ശൈലിയിലുള്ള ആ പ്രസംഗത്തെ പ്രകീര്‍ത്തിക്കാത്ത ദേശീയ നേതാക്കള്‍ വിരളമാണ്. സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ താനൊരു മികച്ച പ്രാസംഗികയാണെന്ന് സുഷമ തെളിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ അഭിഭാഷകയായിരുന്നപ്പോഴും ആ വൈഭവം അവര്‍ക്ക് ശക്തിയായിരുന്നു. 1996ല്‍ പ്രതിപക്ഷത്തിരുന്ന് സുഷമ നടത്തിയ പ്രസംഗം തീവ്രത കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 'ദയവ് ചെയ്ത് നിങ്ങളുടെ പ്രസംഗം ഇത്രമേല്‍ രസകരമാക്കരുതേ' എന്ന് അന്നത്തെ സ്പീക്കര്‍ നിതീഷ്കുമാറിനെക്കൊണ്ട് പറയിക്കാന്‍ പോലും സുഷമയുടെ വാക്കുകള്‍ക്ക് കഴിഞ്ഞു. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഏ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിലംപൊത്തിയതിന് പിന്നാലെയായിരുന്നു സുഷമയുടെ പ്രസംഗം.
തന്‍റെ രാഷ്ട്രീയആശയങ്ങളെ പ്രകടമാക്കി, പുരാണത്തെയും ഇതിഹാസത്തെയും കൂട്ടുപിടിച്ചായിരുന്നു സുഷമയുടെ ആ തീപ്പൊരി പ്രസംഗം. "മിസ്റ്റര്‍ സ്പീക്കര്‍, ജനവിധിയെ സംബന്ധിച്ച് എന്തുതരത്തിലുള്ള നിര്‍വചനവും നിങ്ങള്‍ക്ക് സ്വീകരിക്കാം. പക്ഷേ, ഈ സഭയില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. ഇന്നലെ വരെ നമുക്കുണ്ടായിരുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സര്‍ക്കാരും ചിതറിത്തെറിച്ച പ്രതിപക്ഷവുമായിരുന്നു. എന്നാല്‍ ഇന്ന് ചിതറിത്തെറിച്ച ഒരു സര്‍ക്കാരിനെയും ഐക്യമുള്ള പ്രതിപക്ഷത്തെയും നമുക്ക് ലഭിച്ചിരിക്കുന്നു. ഈ രംഗം ജനവിധിയോടുള്ള തുറന്ന വെല്ലുവിളിയല്ലേ?" സുഷമ പറഞ്ഞു. ബിജെപി എന്തുകൊണ്ടാണ് ഭരണത്തില്‍ നിന്ന് താഴെയിറങ്ങാന്‍ നിര്‍ബന്ധിതമായതെന്ന് രാമായണവും മഹാഭാരതവും ഉദാഹരിച്ച് സുഷമ വിശദീകരിച്ചു. ഉയര്‍ന്ന കരഘോഷത്തോടെയാണ് ബിജെപി അംഗങ്ങള്‍ ആ വാക്കുകളെ സ്വീകരിച്ചത്.
"ഒരു മന്ഥരയ്ക്കും ഒരു ശകുനിക്കും ശ്രീരാമനെയും യുധീഷ്ഠിരനെയും ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സഭയിലെമ്പാടും ഒന്ന് കണ്ണോടിച്ചുനോക്കൂ, ഞങ്ങളെ (ബിജെപി) എതിര്‍ക്കുന്ന നിരവധി മന്ഥരമാരെയും ശകുനിമാരെയും കാണാന്‍ കഴിയും. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ക്ക് ഭരണത്തില്‍ തുടരാന്‍ കഴിയുക? ഇത് രാമരാജ്യത്തിന്‍റെയും സുരാജ്യത്തിന്‍റെയും പ്രകൃതമാണെന്ന് ഞാന്‍ വിചാരിക്കുന്നു." സുഷമ പറഞ്ഞു. അപ്പോഴായിരുന്നു സ്പീക്കര്‍ പി എ സാംഗ്മയുടെ അഭിപ്രായപ്രകടനം.
അതേ പ്രസംഗത്തില്‍ തന്നെയാണ് ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സുഷമ അഭിപ്രായപ്പെട്ടത്. "മിസ്റ്റര്‍ സ്പീക്കര്‍, ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം വന്ദേമാതരം പാടണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. അതെ, ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം ദേശീയപതാകയ്ക്ക് ബഹുമാനം ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ പോരാടുന്നു. ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം ഞങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണം, ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം ഈ രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വിവേചനം ഇല്ലാതാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതെ, ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ വര്‍ഗീയവാദികളാണ്.കാരണം കശ്മീര്‍ അഭയാര്‍ത്ഥികളുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു." സുഷമ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam