'ജനങ്ങളുടെ മന്ത്രി'ക്ക് വിട; സുഷമ സ്വരാജിന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി

By Web TeamFirst Published Aug 7, 2019, 4:12 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ലോധി റോഡ് ശ്മശാനത്തിലെത്തിയിരുന്നു.

ദില്ലി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മൃതദേഹം  സംസ്കരിച്ചു. ദില്ലിയിലെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ലോധി റോഡ് ശ്മശാനത്തിലെത്തിയിരുന്നു.

Delhi: PM Narendra Modi, Home Minister Amit Shah, Defence Minister Rajnath Singh and former Bhutan PM Tshering Tobgay at Lodhi crematorium. pic.twitter.com/YfIX6o51sp

— ANI (@ANI)

ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. 67 വയസ്സായിരുന്നു. ​ 

ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ദില്ലി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.

പതിനഞ്ചാം ലോക്സഭയിൽ സുഷമ സ്വരാജ് പ്രതിപക്ഷനേതാവായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.

click me!