
ദില്ലി: സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗിക അതിക്രമ കേസിൽ ചൈതന്യാനന്ദയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറിൽ പ്രതി പെൺകുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെൺകുട്ടികളുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്തുവന്നു. പ്രതി പെൺകുട്ടികളുടെ ഹോസ്റ്റൽ റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിലെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നു എന്നും പെൺകുട്ടികൾ പറയുന്നു. അതേസമയം, ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
17 പെൺകുട്ടികളാണ് ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകിയത്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി നൽകിയത്. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പൊലീസിന് മുൻപിൽ പരാതി എത്തുന്നത്. വിദ്യാർത്ഥിനികൾ ഡയറക്ടർക്കെതിരെ അഡ്മിനിസ്ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. ഇതിൽ 17 പേർ ഡയറക്ടർക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നെല്ലാമാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയത്.
സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ഗുരുതര പരാതിയുണ്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാൻ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സമ്മർദം ചെലുത്തി എന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. തുടർന്ന് പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി പരിശോധന നടത്തി. നേരത്തെ സ്വാമി പാർത്ഥസാരഥി എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. ഒഡീഷ സ്വദേശിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി 12 വർഷമായി ഈ ആശ്രമത്തിലാണ് താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam