'കൈ തട്ടിയാൽ ഓഫാവുന്ന സ്വിച്ചുകളല്ല അത്, അതിശയം തോന്നുന്നു'; അഹമ്മദാബാദ് വിമാനാപകട റിപ്പോർട്ടിനെ കുറിച്ച് പൈലറ്റ്

Published : Jul 12, 2025, 01:05 PM IST
commercial pilot about Ahmedabad plane crash report

Synopsis

ഒരാൾ പിടിച്ച് താഴോട്ട് ഇട്ടാൽ മാത്രം വീഴുന്ന സ്വിച്ചുകളാണ് അത്. റിപ്പോർട്ട് വായിച്ചപ്പോൾ ഇതെങ്ങനെ സംഭവിച്ചെന്ന് അതിശയം തോന്നിയതായി കൊമേഷ്യൻ പൈലറ്റ് ക്യാപ്റ്റൻ സനിൽ ഗോപിനാഥ്‌

ദില്ലി: വിമാന എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്‌തതാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അബദ്ധത്തിൽ കൈ തട്ടിയാൽ ഓഫാവുന്ന സ്വിച്ചുകളല്ല അതെന്നാണ് കൊമേഷ്യൻ പൈലറ്റ് ക്യാപ്റ്റൻ സനിൽ ഗോപിനാഥ്‌ പറയുന്നത്. ഒരാൾ പിടിച്ച് താഴോട്ട് ഇട്ടാൽ മാത്രം വീഴുന്ന സ്വിച്ചുകളാണ് അത്. റിപ്പോർട്ട് വായിച്ചപ്പോൾ ഇതെങ്ങനെ സംഭവിച്ചെന്ന് അതിശയം തോന്നിയെന്നും അദ്ദേഹം പ്രതികരിച്ചു.

"വളരെ അതിശയം തോന്നുന്നു. കറുത്ത കളറിലുള്ള രണ്ട് നോബുകളാണ്. അതങ്ങനെ കൈ തട്ടിയാലൊന്നും ഓഫാവുന്ന സ്വിച്ചുകളല്ല. ഫിസിക്കലി ഒരാൾ പിടിച്ച് താഴോട്ട് ഇട്ടാൽ മാത്രം വീഴുന്ന സ്വിച്ചുകളാണ് അത്. കൈ തട്ടി ഓഫാവില്ല. സ്പ്രിങ് ലോഡഡ് സ്വിച്ചുകളാണവ. കുറച്ച് പൊക്കിയിട്ട് താഴോട്ട് വലിച്ചിട്ടാൽ മാത്രം ഓഫാകുന്ന തരം സ്വിച്ചുകളാണ്. കൈ തട്ടി അബദ്ധത്തിൽ താഴോട്ട് വരാതിരിക്കാൻ സേഫ്റ്റി ഗാർഡുമുണ്ട്. പിന്നെ എങ്ങനെയിത് സംഭവിച്ചു എന്നതിൽ അമ്പരപ്പ് തോന്നുന്നു"- കൊമേഷ്യൻ പൈലറ്റ് ക്യാപ്റ്റൻ സനിൽ ഗോപിനാഥ്‌ പറഞ്ഞു.

രണ്ട് പൈലറ്റുമാരുടെ ഓഡിയോ സന്ദേശം വന്നിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ആര് ആരോട് ചോദിച്ചെന്നതിൽ വ്യക്തത വരണമെന്നും ഇപ്പോൾ ആരെയെങ്കിലും ഒരാളെ കുറ്റപ്പെടുത്താനാവില്ലെന്നും ക്യാപ്റ്റൻ സനിൽ ഗോപിനാഥ്‌ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഞ്ചിനുകളിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടപ്പോൾ, അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി റാം എയർ ടർബൈൻ പ്രവർത്തിപ്പിച്ചെങ്കിലും. വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നത്. എഞ്ചിൻ ഫ്യുവൽ കട്ട് ഓഫ് സ്വിച്ചുകൾ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും റണ്‍ പൊസിഷനിലേക്ക് മാറ്റി എങ്കിലും, എഞ്ചിനുകൾക്ക് പൂർണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും വിമാനം തകർന്നു. വിമാനത്തിൽ പക്ഷികൾ ഇടിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്‍റെ മറുപടി. സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത് എന്നാണ് നിലവിലെ വിവരം. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ആണ് സമീപമുണ്ടായിരുന്നത്.

സുമീത് സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. ക്ലൈവ് കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോകവേയാണ് വിമാനം അപകടത്തിൽപെട്ടത്. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ സംശയം, മക്കളുടെ പരുങ്ങൽ; സ്കൂൾ ജീവനക്കാരന് പാമ്പ് കടിയേറ്റതിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്
യു-ടേൺ അടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റർ; തിരിച്ചടിയായത് കാലാവസ്ഥ; ബംഗാളിൽ ബിജെപിയുടെ റാലിയിൽ വിർച്വലായി പങ്കെടുത്തു