ബോയിംഗ് 737 വിമാനങ്ങളിലെ ആ പ്രധാന പ്രശ്നം, 2018ൽ തന്നെ വന്ന മുന്നറിയിപ്പ്; ഗുരുതരമായ പുതിയ കണ്ടെത്തലുകൾ

Published : Jul 12, 2025, 11:08 AM IST
Air India plane crash pilots

Synopsis

അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായതാണ് പ്രധാന കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. 2018-ൽ ബോയിംഗ് 737 ജെറ്റുകളിലെ ഇന്ധന സ്വിച്ച് പ്രശ്നത്തെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം (AI 171) ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നു വീണ സംഭവത്തിൽ, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായതാണ് അപകടത്തിന് പിന്നിലെ പ്രധാന കാരണം എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇപ്പോൾ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) 2018ൽ തന്നെ ബോയിംഗ് 737 ജെറ്റുകളിലെ ഒരു പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന നിർണായകമായ വിവരമാണ് വരുന്നത്.

ചില ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ലോക്കിംഗ് ഫീച്ചർ വിച്ഛേദിച്ച നിലയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് എഫ്എഎ ഒരു പ്രത്യേക എയർവർത്ത്നെസ് ഇൻഫർമേഷൻ ബുള്ളറ്റിൻ (SAIB) 2018 ഡിസംബറിൽ പുറത്തിറക്കിയിരുന്നു. ഇതൊരു മുന്നറിയിപ്പ് മാത്രമായതിനാൽ, ഇതിനെ ഒരു സുരക്ഷിതമല്ലാത്ത അവസ്ഥയായി കണക്കാക്കിയില്ല. എയർ ഇന്ത്യയുടെ വിടി - എഎൻബി ഉൾപ്പെടെയുള്ള ബോയിംഗ് 787-8 ജെറ്റുകളിലും ഇതേ സ്വിച്ച് ഡിസൈനാണ് ഉപയോഗിക്കുന്നത്. എഫ്എഎയുടെ ബുള്ളറ്റിൻ ഒരു നിർബന്ധിത നിർദ്ദേശം അല്ലാത്തതുകൊണ്ട് എയർ ഇന്ത്യ ശുപാർശ ചെയ്ത പരിശോധനകൾ നടത്തിയിരുന്നില്ല.

വിമാനത്തിന്‍റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്നത് ഈ സ്വിച്ചുകളാണ്. എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും പൈലറ്റുമാർ ഇവ ഉപയോഗിക്കുന്നു. പറക്കുന്നതിനിടെ എഞ്ചിൻ തകരാർ സംഭവിക്കുകയാണെങ്കിൽ എഞ്ചിനുകൾ ഷട്ട് ഡൗൺ ചെയ്യാനും റീസ്റ്റാർട്ട് ചെയ്യാനും ഇവ ഉപയോഗിക്കാം. ദുരന്തത്തിനിരയായ വിമാനത്തിന്‍റെ കാര്യത്തിൽ, ടേക്ക് ഓഫ് ചെയ്ത് മൂന്ന് സെക്കൻഡിനുള്ളിൽ വിമാനത്തിന്‍റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് ഒരു സെക്കൻഡിനുള്ളിൽ മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ മനഃപൂർവം ചെയ്തതാണോ എന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) റിപ്പോർട്ടിൽ പറയുന്നില്ല. കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നുള്ള പൈലറ്റുമാരുടെ സംഭാഷണം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇന്ധനം കട്ട് ഓഫ് ചെയ്തത് എന്തിനാണെന്ന് ഒരു പൈലറ്റ് മറ്റേയാളോട് ചോദിക്കുന്നത് കേൾക്കാം. താൻ ചെയ്തില്ലെന്നാണ് മറ്റേ പൈലറ്റ് മറുപടി നൽകുന്നത്.

വിമാനത്തിന്‍റെ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലെ പ്രശ്നം കാരണം സ്വിച്ചുകൾ ട്രിപ്പ് ചെയ്യാൻ സാധ്യതയുണ്ടോ എന്ന് ചോദ്യമാണ് ഇപ്പോൾ ഉയര്‍ന്നിട്ടുള്ളത്. മുമ്പ് എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ പ്രവർത്തിച്ചിരുന്ന ക്യാപ്റ്റൻ കിഷോർ ചിന്ത അടക്കം ഈ ചോദ്യങ്ങൾ ഉന്നിയിക്കുന്നു. പൈലറ്റിന്‍റെ ഇടപെടലില്ലാതെ വിമാനത്തിന്‍റെ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിന് ഇന്ധനം കട്ട് ഓഫ് ചെയ്യുന്ന സ്വിച്ചുകൾ ഇലക്ട്രോണിക് ആയി പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് കിഷോര്‍ ചോദിച്ചു. ഇന്ധനം കട്ട് ഓഫ് ചെയ്യുന്ന സ്വിച്ചുകൾ ഇലക്ട്രോണിക് ആയി ട്രിപ്പ് ചെയ്യുകയാണെങ്കിൽ അത് ആശങ്കയ്ക്ക് കാരണമാണെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്