
തായ്വാന്: കൊവിഡ് 19 പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയാകുകയാണ് തായ്‍വാൻ. നൂറിലധികം രാജ്യങ്ങളിൽ രോഗം പടർന്നപ്പോഴും, ചൈനയ്ക്ക് സമീപത്തുള്ള തായ്‍വാനിൽ ആകെ രോഗം കണ്ടെത്തിയത് അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ്. 2003ലെ സാർസ് ബാധയ്ക്ക് ശേഷം സജ്ജമാക്കിയ ശക്തമായ ആരോഗ്യസംവിധാനങ്ങളാണ് തായ്‍വാന് ഇന്ന് കരുത്തേകുന്നത്.
ചൈനയിൽ നിന്ന് വെറും 81 മൈൽദൂരം മാത്രം അകലെയുള്ള രാജ്യമായ തായവാനിലെ ജനസംഖ്യ 23 ദശലക്ഷമാണ്. രോഗസാധ്യത പട്ടികയിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന നാട്ടിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ ആകെ എണ്ണം 50 ആണ്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നും. 2003ല്‍ സാർസ് വൈറസ് ബാധയിൽ 346 ജീവനുകൾ നഷ്ടമായ വേദനയിൽ ആരോഗ്യമേഖലയിൽ നടപ്പാക്കിയ വൻ പദ്ധതികളാണ് ഇന്ന് തായ്‍വാന്‍റെ സുരക്ഷാകവചമായിരിക്കുന്നത്.
നാഷണല്‍ ഹെല്‍ത്ത് കമാന്‍ഡ് സെന്‍റര്‍എന്ന ആരോഗ്യശൃഖലയിലൂടെ വിമാനത്താവളം മുതൽ മെട്രോകളിൽ വരെ എത്തുന്ന യാത്രക്കാരുടെ ആരോഗ്യപരിശോധനയ്ക്കായി ആജീവനാന്ത QR കോഡ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെർമൽ പരിശോധനാ കേന്ദ്രങ്ങളിലൂടെ രാജ്യത്ത് എവിടെയെങ്കിലും ആർക്കെങ്കിലു പനിയുണ്ടോ എന്ന് രേഖപ്പെടുത്താൻ ഏകജാലക സംവിധാനമുണ്ട്. വൈറസ് രോഗലക്ഷണമായ പനി ഉള്ളവരെ മിനുറ്റുകൾക്കുള്ള ആരോഗ്യവകുപ്പിന് കണ്ടെത്താമെന്നതാണ് ഇതിന്‍റെ ഗുണം.
ലോകത്ത് എവിടെ പുതിയ രോഗം റിപ്പോർട്ട് ചെയ്താലും മെഡിക്കൽ സംഘത്തെ നേരിട്ടയച്ച് അന്വേഷിക്കാനും തായ്‍വാനില്‍ സംവിധാനമുണ്ട്. ഡിസംബർ 31ന് വുഹാനിൽ ന്യൂമോണിയ റിപ്പോർട്ട് ചെയ്തതിന്‍റെ പിറ്റേന്നും തായ്‍വാന്‍ ഇത് ചെയ്തിരുന്നു. ഇതിന് പിന്നാലെ സാമ്പത്തിക നഷ്ടം പോലും കണക്കിലെടുക്കാതെ വുഹാനിലേക്കുള്ള വിമാനസർവ്വീസുകൾ എല്ലാം നിർത്തിവച്ചു. സഞ്ചാരികളെ വിലക്കി.
ആദ്യമായി രോഗം സ്ഥിരീകരിക്കും മുമ്പേയാണ് ഇതെല്ലാം ചെയ്തത്. ക്ഷാമം മുന്നിൽകണ്ട് കയറ്റുമതി നിർത്തി. ഉത്പാദനം ഇരട്ടിയാക്കി. ആദ്യ മരണം സ്ഥീരികരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ ആരോഗ്യമന്ത്രി കരഞ്ഞു. പക്ഷേ ഇനിയൊരു ജീവനും നഷ്ടമാകില്ലെന്ന അദ്ദേഹത്തിന്‍രെ ഉറപ്പ് ഇന്നും യാഥാര്‍ഥ്യമായി തുടരുകയാണ്. അതുകൊണ്ട് തന്നെ തായ്‍വാന്‍റെ പ്രതിരോധ കോട്ട ലോകത്തെയാകെ അമ്പരപ്പിക്കുകയാണ്. എന്നാല്‍ ഇതൊന്നും ഒരൊറ്റ രാത്രി കൊണ്ട് കാണിച്ച അത്ഭുതമല്ല. മറക്കാനാകാത്ത ഒരു ദുരന്തത്തിന്റെ മുറിപ്പാടുകളിൽ നിന്ന് വീണ്ടെടുത്ത തിരിച്ചറിവുകളാണെന്ന് തായ്‍വാന്‍ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam