ഡാനിഷ് സിദ്ധീഖിയെ താലിബാൻ അടിച്ചുവീഴ്ത്തി, നിറയൊഴിച്ചു, മൃതദേഹം വികൃതമാക്കി; മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

By Web TeamFirst Published Jul 30, 2021, 9:18 AM IST
Highlights

 മാധ്യമപ്രവർത്തകൻ എന്നറിഞ്ഞിട്ടും അടിച്ചുവീഴ്ത്തി നിറയൊഴിച്ചുവെന്നും മൃതദേഹം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു...

അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ധീഖിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സിദ്ധീഖിയെ താലിബാൻ ആക്രമിച്ചു പിടികൂടി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാധ്യമപ്രവർത്തകൻ എന്നറിഞ്ഞിട്ടും അടിച്ചുവീഴ്ത്തി നിറയൊഴിച്ചുവെന്നും മൃതദേഹം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. 

റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് പുലിറ്റ്സർ സമ്മാനം ഡാനിഷിനെ തേടിയെത്തിയത്.

click me!