
ചെന്നൈ: സംസ്ഥാനത്ത് നിന്ന് വധുക്കളെ ലഭിക്കാത്ത സാഹചര്യത്തിൽ സമുദായത്തിലെ 40,000 യുവാക്കൾക്കായി യുപിയിലേക്കും ബീഹാറിലേക്കും വരെ അന്വേഷണം വ്യാപിപ്പിച്ച് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ. തമിഴ്നാട്ടിൽ നിന്ന് വധുവിനെ ലഭിക്കാത്ത സാഹചര്യം കഴിഞ്ഞ പത്ത് വർഷമായി സംഭവിക്കുകയാണെന്ന് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ (ടിബിഎ) മാസികയുടെ നവംബർ ലക്കത്തിൽ പറയുന്നു. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഏകദേശം 40,000 യുവാക്കളാണ് വധുക്കളെ തേടുന്നതെന്നാണ് ടിബിഎ പ്രസിഡന്റ് എൻ നാരായണന്റെ തുറന്ന കത്തിൽ പറയുന്നത്.
വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ള യുവാക്കളാണ് വധുവിനെ അന്വേഷിച്ച് നടക്കുന്നത്. ഇത്തരത്തിലെ ഒരു പ്രതിസന്ധിക്ക് കാരണം സമുദായത്തിലെ ലിംഗാനുപാതം ആണെന്ന് എൻ നാരായണൻ പറഞ്ഞു. 10 ആൺകുട്ടികൾക്ക് ആറ് പെൺകുട്ടികൾ എന്ന നിലയിലാണ് ഇപ്പോൾ ലിംഗാനുപാതം. പദവിയുൾപ്പെടെയുള്ളതിന് പുറമെ പ്രതിസന്ധിക്ക് മിശ്ര വിവാഹങ്ങളും കാരണമാകുന്നുണ്ടെന്നും ടിബിഎ പ്രസിഡന്റ് അവകാശപ്പെടുന്നു.
ആചാര്യന്മാരുടെ എതിർപ്പുകളെ അവഗണിച്ച് ബ്രാഹ്മണർ കുടുംബാസൂത്രണം ഗൗരവമായി എടുത്തിരുന്നു. ഇതും സംഖ്യ പൊരുത്തക്കേടിന്റെ കാരണമായിരിക്കാം. ഇപ്പോൾ വധുവിനെ കണ്ടെത്തുന്നതിനായി ദില്ലി, ലക്നൗ, പാറ്റ്ന തുടങ്ങിയ സ്ഥലങ്ങളിൽ കോഓർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. അസോസിയേഷന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ഹിന്ദിയിൽ പ്രാവീണ്യമുള്ള ഒരാളെയും നിയമിച്ച് കഴിഞ്ഞു. അതേസമയം, ഒരു സ്ത്രീ എപ്പോൾ ജോലി ഉപേക്ഷിക്കും എന്ന തരത്തിലാണ് കുടുംബത്തിലെ വിവാഹ ചർച്ചകൾ നടക്കുന്നതെന്ന് ഇതേ സമുദായത്തിലെ ഒരു സ്ത്രീ പ്രതികരിച്ചതായും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു
കൂടാതെ, സമൂഹത്തിലെ ഒരു വിഭാഗം പുരുഷന്മാർ അരാഷ്ട്രീയരും ആധുനിക കാലത്ത് ഒരു അർത്ഥവുമില്ലൊത്ത പാരമ്പര്യങ്ങളെ ഉപേക്ഷിക്കാൻ തയ്യാറല്ലാത്തവരുമാണ്. പുരുഷാധിപത്യ പശ്ചാത്തലവും കുറ്റപ്പെടുത്തേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണ പുരുഷന്മാർ തങ്ങളുടെ സമൂഹത്തിന് പുറത്ത് പങ്കാളികളെ കണ്ടെത്താൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും സ്ത്രീ തുറന്ന് ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam