
ചെന്നൈ: തമിഴകത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ അണ്ണാ ഡിഎംകെയിൽ ഐക്യത്തിന് ആഹ്വാനം ചെയ്തുള്ള മുതിർന്ന നേതാവ് സെങ്കോട്ടയ്യൻ്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സെങ്കോട്ടയ്യൻ്റെ പ്രസ്താവന പ്രവർത്തകരുടെ വികാരമെന്ന് പ്രതികരിച്ച് ശശികല രംഗത്തെത്തി. തൻ്റെ സിരകളിലൂടെ ഒഴുകുന്നത് എഐഎഡിഎംകെ രക്തമെന്നാണ് സെങ്കോട്ടയ്യൻ പിന്നീട് പ്രതികരിച്ചത്. പാർട്ടിക്കകത്തുണ്ടായ തിരിച്ചടിക്ക് കാരണം ഭിന്നിപ്പെന്ന് പ്രതികരിച്ച ഒ പനീർശെൽവം പാർട്ടിക്കായി എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നും വ്യക്തമാക്കി.
ശശികലയും ഒപിഎസ്സും അടക്കം നേതാക്കളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐഡിഎംകെയിൽ പരസ്യ പ്രതികരണങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. പാർട്ടി വിട്ടവരെ 10 ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് മുൻമന്ത്രിയും മുതിർന്ന നേതാവുമായ കെ.എ.സെങ്കോട്ടയ്യൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. എഐഎഡിഎംകെയിലെ ഈ പൊട്ടിത്തെറി നല്ല കാര്യം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്.
എംജിആർ ആദ്യം മുഖ്യമന്ത്രിയായ കാലം മുതൽ എംഎൽഎയും പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രമുഖ നേതാവുമാണ് കെ എ സെങ്കോട്ടയ്യൻ. ഇദ്ദേഹമാണ് പാർട്ടി വിട്ടവരുടെ തിരിച്ചുവരവ് പരസ്യമായി ആവശ്യപ്പെട്ടത്. ശശികല, ഒ പനീർസെൽവം, ടിടിവി ദിനകരൻ എന്നിവരുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ഉദ്ദേശം വ്യക്തമാണ്. പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാതെ തെക്കൻ തമിഴ്‌നാട്ടിൽ ജയിക്കാനാകില്ലെന്ന സെങ്കോട്ടയ്യൻ്റെ പ്രസ്താവന ഇതുറപ്പിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ സമ്പൂർണ തോൽവിക്ക് പിന്നാലെ താനും എസ് പി വെളുമാനിയും നത്തം വിശ്വനാതനയും അടക്കം 6 മുതിർന്ന നേതാക്കൾ എടപ്പാടി പളനിസ്വാമിയെ കണ്ട്, പാർട്ടിയിൽ ഐക്യം വേണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാൽ ഇക്കാര്യം ഇപിസ് തള്ളിക്കളഞ്ഞെന്നും സെങ്കോട്ടയ്യൻ വെളിപ്പെടുത്തി. 10 ദിവസത്തിനകം ഇപിസ് വഴങ്ങിയില്ലെങ്കിൽ സമാന ചിന്താഗതിക്കാരായ നേതാക്കൾ ഒന്നിച്ചു മുൻകൈ എടുക്കുമെന്നും സെങ്കോട്ടയ്യൻ അന്ത്യാശാസനം നൽകി.
എഐഎഡിഎംകെയിലെ ഐക്യം നല്ല കാര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ധൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചതും ശ്രദ്ധേയമായി. എഐഎഡിഎംകെയിലെ ഭിന്നതയിൽ ഇടപെടില്ലെന്ന ഉറപ്പ് നൽകിയാണ് ഇപിഎസ് നയിക്കുന്ന പാർട്ടിയെ എൻഡിഎയിലേക്ക് അമിത് ഷാ തിരികെ ക്ഷണിച്ചത്. എന്നാൽ 2026ൽ ഡിഎംകെയെ തോൽപിക്കാൻ പാർട്ടിയിൽ ഐക്യം വേണമെന്ന നിലപാടിലേക്ക് കൂടുതൽ നേതാക്കൾ എത്തുന്നുവെന്നാണ് സെങ്കൂട്ടയ്യൻ്റെ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. ഇത്രയും നാൾ പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞ ഇപിസ് ഇതോടെ സമ്മർദത്തിലാണ്.