
ചെന്നൈ: പൊങ്കല്‍ സമ്മാനവുമായി തമിഴ്നാട് സര്‍ക്കാര്‍. ഒരു കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും കരിമ്പുമാണ് ഗിഫ്റ്റ് ഹാംപറിലുള്ളത്. റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഈ സമ്മാനം നല്‍കുക. പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്ന ശ്രീലങ്കൻ തമിഴര്‍ക്കും പൊങ്കല്‍ സമ്മാനം നല്‍കും. സർക്കാർ 238.92 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഏകദേശം 2.19 കോടി റേഷന്‍ കാർഡ് ഉടമകളുണ്ടെന്നാണ് സഹകരണ ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്‍റെ കണക്ക്.
കഴിഞ്ഞ വര്‍ഷം തമിഴ്നാട് സര്‍ക്കാര്‍ പൊങ്കലിന് റേഷന്‍ കാർഡുടമകള്‍ക്ക് 1000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ പണം നല്‍കുന്നില്ല. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഉൾപ്പെടെയുള്ള നേതാക്കളും പട്ടാളി മക്കൾ കച്ചി പോലുള്ള പാര്‍ട്ടികളുമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
പൊങ്കൽ സമ്മാനത്തോടൊപ്പം എല്ലാ റേഷന്‍ കാർഡ് ഉടമകൾക്കും 1000 രൂപ നൽകണമെന്ന് പിഎംകെ സ്ഥാപകൻ ഡോ രാംദാസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. സർക്കാർ പ്രഖ്യാപനം പാവപ്പെട്ടവരിൽ കടുത്ത നിരാശയുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022ല്‍ ഒഴികെ വർഷങ്ങളായി സംസ്ഥാനത്ത് നല്‍കുന്ന പൊങ്കല്‍ സമ്മാനം നിര്‍ത്തലാക്കിയത് അപലപനീയമാണെന്ന് രാംദാസ് വിമര്‍ശിച്ചു.
ചെന്നൈയിലെയും തെക്കൻ ജില്ലകളിലെയും പ്രളയബാധിതർക്ക് 6,000 രൂപ ധനസഹായം നൽകുന്നതിൽ ക്രമക്കേടുകൾ ഉണ്ടെന്നും പിഎംകെ ആരോപിച്ചു. അർഹരായ പല കുടുംബങ്ങള്‍ക്കും സഹായം ലഭിച്ചില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിൽ പൊങ്കൽ സമ്മാനത്തോടൊപ്പം സർക്കാർ 1000 രൂപ നൽകിയില്ലെങ്കിൽ ജനങ്ങളുടെ രോഷത്തിന് കാരണമാകുമെന്നും പിഎംകെ വിമര്‍ശിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 3000 രൂപ വീതം നല്‍കണമെന്നാണ് പനീര്‍ശെല്‍വം ആവശ്യപ്പെട്ടത്. അതേസമയം പുതുച്ചേരിയില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 1000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam