
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമ സഭ. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് ബുധനാഴ്ച പ്രമേയം പാസാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തോടെയാണ് എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്.
ജനാധിപത്യ രാജ്യങ്ങളില്‍ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും താല്‍പര്യങ്ങളേയും വികാരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാവണമെന്നും സ്റ്റാലിന്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ മതത്തിന്‍റേയും രാജ്യത്തിന്‍റേയും പേരില്‍ വേര്‍തിരിക്കുന്നതാണ് നിയമഭേദഗതിയെന്നും സ്റ്റാലിന്‍ വിശദമാക്കി. ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് പൗരത്വം ലഭിക്കാനുള്ള അവസരത്തിനും നിയമഭേദഗതി തടസമായേക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അഭയാർത്ഥികളോട് മനുഷ്യത്വ പരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെയുള്ളതല്ലെന്ന് തമിഴ്നാട് ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രമേയമെന്നാണ് ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ ആരോപിക്കുന്നത്. ന്യൂനപക്ഷത്തെ തെറ്റിധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും വനതി ശ്രീനിവാസന്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതി ബാധിക്കുന്നത് മൂന്ന് രാജ്യങ്ങളെ സംബന്ധിച്ച് മാത്രമാണെന്നും അതില്‍ ശ്രീലങ്കയില്ലെന്നും അവര്‍ പറഞ്ഞു. ശ്രീലങ്കന്‍ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് എഐഎഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രമേയത്തിന് എതിരാണോ നിലപാടെന്ന കാര്യത്തേക്കുറിച്ച് എടപ്പാടി കെ പളനിസ്വാമി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. നേരത്തെ പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam