
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നാളെ പ്രത്യേക പൂജ വിലക്കിയെന്ന പ്രചാരണം തള്ളി ദേവസ്വം മന്ത്രി ശേഖർ ബാബു. കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അടക്കം ബിജെപി നേതാക്കൾ ആണ് ആരോപണം ഉന്നയിച്ചത്. ബിജെപി പ്രചാരണം പൂര്‍ണമായി തള്ളുകയാണ് തമിഴ്നാട് സര്‍ക്കാര്‍. അത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിന്‍റെ തത്സമയ സംപ്രേഷണത്തിനു അനുമതി നിഷേധിച്ചെന്ന ആരോപണം ദുരുദേശ്യത്തോടെയാണെന്ന് ശേഖര്‍ ബാബു പറഞ്ഞു.
മുതിർന്ന കേന്ദ്ര മന്ത്രി നുണ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ നിരോധിച്ചെന്നാണ് നിര്‍മല സീതാരാമൻ ആരോപണം ഉന്നയിച്ചത്. ''തമിഴ്നാട്ടിൽ ശ്രീരാമനു വേണ്ടി 200ലധികം ക്ഷേത്രങ്ങളുണ്ട്. ഹിന്ദു റിലീജിയൻ ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്മെന്റ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ ശ്രീരാമന്‍റെ പേരിൽ പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവ അനുവദനീയമല്ല.
സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് പൊലീസ് തടയുന്നു. പന്തലുകൾ വലിച്ചുകീറുമെന്ന് അവർ സംഘാടകരെ ഭീഷണിപ്പെടുത്തി. ഈ ഹിന്ദുവിരുദ്ധ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നു’’– ഇങ്ങനെയാണ് കേന്ദ്ര മന്ത്രി എക്സില്‍ കുറിച്ചത്. ഈ ആരോപണങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ തള്ളി. ശ്രീരാമന്‍റെ പേരിൽ ഭക്തർക്ക് പൂജ നടത്താനുള്ള സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. നിർമല സീതാരാമനെപ്പോലുള്ളവർ ഇത്തരം തെറ്റായ വിവരങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി ശേഖര്‍ ബാബു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം