തമിഴ്‍നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jun 17, 2020, 3:11 PM IST
Highlights

തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

ചെന്നൈ: തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയും 57 കാരനുമായ ദാമോദരനാണ് മരിച്ചത്. ഈ മാസം 12ആം തീയതി മുതല്‍ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദേഹത്തിന്‍റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സെക്രട്ടറിയേറ്റിലെ 143 പേര്‍ രോഗബാധിതരാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്വാറന്‍റീനില്‍ പോയേക്കും എന്നാണ് വിവരം.

കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെയാണ് അടച്ചിടല്‍ ഉണ്ടാവുക. വെള്ളിയാഴ്ച ചെന്നൈ ചെങ്കല്‍പ്പേട്ട് കാഞ്ചീപുരം തിരവുള്ളൂര്‍ ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. കേരളത്തിലേക്ക് ഉള്‍പ്പടെ അടിയന്തര ചികിത്സാവശ്യത്തിന് മാത്രമേ പാസ് നല്‍കു. 

അവശ്യസര്‍വ്വീസുകള്‍ ഒഴികെ മറ്റ് കടകള്‍ അടയ്ക്കും. പച്ചക്കറി പലച്ചരക്ക് കടകള്‍ പെട്രോള്‍ പമ്പുകള്‍ പാചകവാതക സര്‍വ്വീസ് ഉച്ചയ്ക്ക് രണ്ട് മണിവരെ തുറക്കും. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രം അനുവദിക്കും. ഓട്ടോ ടാക്സി സര്‍വ്വീസ് ഉണ്ടാകില്ല. ആളുകള്‍ രണ്ട് കിലോമീറ്റര്‍ ചുറ്റവളിന് പുറത്ത് പോകാന്‍ അനുവദിക്കില്ല. പന്ത്രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിനിടെ അവസാന രണ്ട് ദിവസം ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

click me!