
ചെന്നൈ: ചെന്നൈ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം, ലോകനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി, ഫോർമുല വൺ റേസിങ് ഉൾപ്പെടെ നടത്താനായി മോട്ടോർ സ്പോർട്സ് സിറ്റി എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
20 ലക്ഷം ചതുരശ്ര അടിയിൽ 1200 കോടി രൂപ ചെലവഴിച്ചാണ് പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം നിർമിക്കുകയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 100 വർഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നരീതിയിലുള്ള കെട്ടിടമാകും നിർമിക്കുക. അത്യാധുനിക സൗകര്യങ്ങൾക്ക് പുറമേ, പുതിയ സമുച്ചയത്തോട് അനുബന്ധിച്ച് വിപുലമായ പാർക്കിങ് സംവിധാനം, കോൺഫറൻസ് ഹാളുകൾ, പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്കായി പ്രത്യേക കേന്ദ്രങ്ങൾ, സർക്കാർ ജീവനക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. അതേസമയം, പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എവിടെയാണ് ഇത് നിർമിക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ല.
നിലവിൽ ചെന്നൈയിലെ സെയിന്റ് ജോർജ് ഫോർട്ടിലാണ് തമിഴ്നാട് സെക്രട്ടറിയേറ്റും നിയമസഭയും പ്രവർത്തിക്കുന്നത്. 107 ഏക്കറിലുള്ള സെയിന്റ് ജോർജ് ഫോർട്ടിന്റെ നാല് ഏക്കർ മാത്രമാണ് തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കി സ്ഥലം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേയും കൈവശമാണ്. ഈ സ്ഥലപരിമിതി കാരണം ഇവിടെ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്.
പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയത്തിനൊപ്പം ചെന്നൈയിൽ ലോകനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റിയും മോട്ടോർ സ്പോർട്സ് സിറ്റിയുമാണ് മറ്റു സുപ്രധാന പ്രഖ്യാപനങ്ങൾ. തമിഴ്നാട് കായികവികസന അതോറിറ്റിക്ക് കീഴിലായിരിക്കും പുതിയ ഒളിമ്പിക് സിറ്റി നിർമിക്കുക. കായിക താരങ്ങൾക്ക് അത്യാധുനികരീതിയിലുള്ള പരിശീലന കേന്ദ്രങ്ങളും സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ കേന്ദ്രങ്ങളും കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള താമസസൗകര്യങ്ങളും ഇവിടെയുണ്ടാകും. ഒളിമ്പിക്സിൽ ഉൾപ്പെടെ തമിഴ്നാട്ടിൽനിന്നുള്ള കായികതാരങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനായാണ് പുതിയ ഒളിമ്പിക് സിറ്റിയും പരിശീലനകേന്ദ്രങ്ങളും നിർമിക്കുന്നത്. ഫോർമുല വൺ റേസിങ് അടക്കം നടത്താനുള്ള ട്രാക്കുകളാണ് മോട്ടോർ സ്പോർട്സ് സിറ്റിയിൽ നിർമിക്കുക. മോട്ടോർ സ്പോർട്സ് സിറ്റി യാഥാർഥ്യമാകുന്നതോടെ ഫോർമുല വൺ റേസിങ്ങിനടക്കം ഇവിടം വേദിയാകുമെന്നും സർക്കാർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam