
ചെന്നൈ: വരള്‍ച്ച രൂക്ഷമായതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളം എത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമം തുടങ്ങി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന. അതേസമയം ജലക്ഷാമം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ആരോപിച്ച് ഡിഎംകെ മറ്റന്നാള്‍ തമിഴ്നാട്ടില്‍ ഉടനീളം പ്രതിഷേധിക്കും.
ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന അഞ്ച് ജലസംഭരണികളില്‍ ഒന്നില്‍ മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും വെള്ളമുള്ളത്. വരണ്ട തടാകങ്ങളിൽ മീനുകള്‍ ഉള്‍പ്പടെ ചത്ത് കിടക്കുന്നു. ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നല്‍കില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ വിതരണക്കാര്‍. നഗരത്തില്‍ പലയിടങ്ങളിലും രാത്രി വൈകിയും സ്ത്രീകള്‍ ഉള്‍പ്പടെ പ്രതിഷേധവുമായി റോഡിലറങ്ങി.
സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും ശുചിമുറികളില്‍ പോലും വേണ്ടത്ര വെള്ളമില്ല. ചെന്നൈയിലും തഞ്ചാവൂരിലുമായി മൂന്ന് സ്വകാര്യ സ്കൂളുകള്‍ തല്‍ക്കാലത്തേക്ക് അടച്ചു. മിക്ക സ്കൂളുകളും പ്രവര്‍ത്തന സമയം ഉച്ചവരെയാക്കി ചുരുക്കി. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ത്താനാണ് ഡിഎംകെ നീക്കം.
രണ്ട് ദിവസത്തിനകം മഴയുണ്ടായില്ലെങ്കില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പടെ വെള്ളത്തിനായി സഹായം തേടാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. വെള്ളം എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ റെയില്‍വേയോട് അഭ്യര്‍ത്ഥിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam