സർക്കാരിന്‍റെ അഴിമതിയെക്കുറിച്ച് പുസ്തകമെഴുതി: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

By Web TeamFirst Published Jan 12, 2020, 9:59 PM IST
Highlights

അണ്ണാഡിഎംകെ സർക്കാരിന്റെ സ്മാർട്ട് സിറ്റി അഴിമതിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചനയുടെ പേരിലാണ് അറസ്റ്റ്. പുസ്തകം ചെന്നൈ പുസ്തക മേളയിൽ പ്രദർശിപ്പിച്ചിരുന്നു. 

ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ പുസ്തക മേളയില്‍ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അന്‍പഴകന്‍ ആരോപിച്ചു. സംഭവത്തില്‍ തമിഴ്നാട് പ്രസ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി.

സ്മാര്‍ട്ട് സിറ്റി അഴിമതി എന്ന പേരില്‍ രചിച്ച പുസ്തകം ചെന്നൈയിലെ പുസ്തക മേളയില്‍ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലയൊണ് നടപടി. മാധ്യമപ്രവര്‍ത്തനത്തിനിടെ ലഭിച്ച വിവരവാകാശ രേഖകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പുസ്തകം. വികസന പദ്ധതികളുടെ മറവില്‍ അണ്ണാഡിഎംകെ സര്‍ക്കാരിന്‍റെ കോടികളുടെ അഴിമതിയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്. ചെന്നൈ പുസ്തക പ്രകാശനത്തിനിടെ പ്രത്യേക സ്റ്റാള്‍ അന്‍പഴകന്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പുസ്തകമെന്നും സ്റ്റാള്‍ അടച്ചുപൂട്ടണമെന്നും സംഘാടകര്‍ക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നോട്ടീസ് അയച്ചു. സംഘാടകരുടെ അഭ്യര്‍ത്ഥന പ്രകാരം സ്റ്റാള്‍ പൂട്ടി മടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്. 

സ്റ്റാള്‍ പൂട്ടാന്‍ ആവശ്യപ്പെട്ടതിന് പ്രതികാരമായി സംഘാടകരെ അന്‍പഴകന്‍ ആക്രമിച്ചെന്നും, ഈ പരാതിയിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, വ്യാജ പരാതിയെന്ന് അന്‍പഴകന്‍ ആരോപിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ തന്നെ പൊലീസ് മര്‍ദിച്ചെന്നും അന്‍പഴകന്‍ വ്യക്തമാക്കി. 14 ദിവസത്തേക്ക് അന്‍പഴകനെ റിമാന്‍റ് ചെയ്തു. ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള‍്‍‍‍ പ്രതിഷേധം രേഖപ്പെടുത്തി. അന്‍പഴകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രസ് ക്ലബ്ബ് ഡിജിപിക്ക് കത്ത് അയച്ചു.

click me!