
ചെന്നൈ: ആദിവാസി ബാലനെകൊണ്ട് തന്‍റെ ചെരുപ്പ് അഴിപ്പിച്ച തമിഴ്നാട് മന്ത്രിക്കെതിരെ രൂക്ഷവിമർശനം. എഐഎഡിഎംകെ നേതാവും വനം വകുപ്പ് മന്ത്രിയുമായ ദിണ്ടിഗൽ ശ്രീനിവാസനാണ് കുട്ടിയെക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ച് വിവാദത്തിലായിരിക്കുന്നത്. നീലഗിരിയിലെ മുദുമലൈ ടൈഗർ റിസർവിൽ (എംടിആർ) ആന സംരക്ഷണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ചുറ്റുംകൂടിനിന്നവരിൽനിന്ന് കുട്ടിയെ വിളിച്ചുവരുത്തുകയും ചെരുപ്പ് അഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ആന കേന്ദ്രത്തിലെ ക്ഷേത്രത്തിലേക്ക് കയറുന്നതിന് വേണ്ടിയാണ് മന്ത്രി കുട്ടിയെകൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ഒമ്പതാം ക്ലാസ്സുകാരനായ കേതൻ. മന്ത്രി വരുന്നതിനുകണ്ട് ചുറ്റുംനിന്നവർക്കൊപ്പം കേതനും സുഹൃത്തും കൂടി. ഇതിനിടെയാണ് മന്ത്രി കേതനെ കാണുന്നതും തന്റെ അടുത്ത് വിളിച്ചുവരുത്തി ചെരുപ്പ് ഊരാൻ ആവശ്യപ്പെടുന്നതും.
"
ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ മന്ത്രി തടയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. പരിപാടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആദിവാസി ബാലനെകൊണ്ട് ചെരുപ്പ് അഴിപ്പിച്ച ദിണ്ടിഗൽ ശ്രീനിവാസനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ആദിവാസി കുട്ടിയോട് മന്ത്രി വിവേചനം കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന പ്രധാനവിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam